X

‘ഞാന്‍ ബീഫ് കഴിക്കാറില്ല, എന്ത് കഴിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം’; ബീഫില്‍ വീണ്ടും മലക്കം മറിഞ്ഞ് കണ്ണന്താനം

ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ വീണ്ടും മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കണമോ എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനിക്കാം. എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഡല്‍ഹിയില്‍ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിന് ബിജെപിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഓരോ സംസ്ഥാനത്തിലെ ആളുകള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാം. താന്‍ ബീഫ് കഴിക്കാറില്ലെന്നും തന്റെ ബീഫിനെ കുറിച്ചുള്ള പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. വിദേശികള്‍ വരുന്നത് ഇന്ത്യ കാണാനാണ് ബീഫ് കഴിക്കാനല്ല എന്നാണ് താന്‍ പറഞ്ഞതെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.

ഇതു മൂന്നാം തവണയാണ് ബീഫ് വിഷയത്തില്‍ മന്ത്രി നിലപാടു വ്യക്തമാക്കുന്നത്. വിദേശി വിനോദസഞ്ചാരികള്‍ക്കു ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്നാകാമെന്നു കണ്ണന്താനം വെള്ളിയാഴ്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ 33ാമത് കണ്‍വെന്‍ഷന്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തില്‍, കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്കു യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അതു കെട്ടിച്ചമച്ചതാണെന്നുമാണ് ഭുവനേശ്വറില്‍ മന്ത്രി നിലപാടെടുത്തത്. ഭുവനേശ്വറിലെ ഈ നിലപാടാണ് ഇന്ന് മന്ത്രി തിരുത്തിയത്.

chandrika: