X

“രാഷ്ട്രീയത്തില്‍ തുടരാന്‍ ഉദ്ദേശിക്കുന്നില്ല”; ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. രാഷ്ട്രീയത്തില്‍ ഇനി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ബൂട്ടിയ തന്റെ തീരുമാനം അറിയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍നിന്നും എല്ലാവിധ രാഷ്ട്രീയ ചുമതലകളില്‍നിന്നു താന്‍ ഔദ്യോഗികമായി രാജിവെക്കുകയാണെന്നും ഇനി ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും ബൂട്ടിയ വ്യക്തമാക്കി.

2011ല്‍ ആണ് ബുട്ടിയ ഫുട്‌ബോളില്‍നിന്ന് വിരമിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍ ഡാര്‍ജിലിങ്ങില്‍നിന്ന് ലോക്‌സഭയിലേ്ക്ക് മത്സരിച്ചെങ്കിലും പരാജപ്പെട്ടു. 2016ലെ സംസ്ഥാന തിരഞ്ഞെടുപ്പല്‍ സിലിഗുരിയില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. തുടര്‍ന്നും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ സജീവമായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നിലപാടുകളുമായുള്ള പൊരുത്തക്കേടുകള്‍ ബൂട്ടിയയും തൃണമൂല്‍ കോണ്‍ഗ്രസുമായി അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഖൂര്‍ഖാലാന്‍ഡിനായി ആവശ്യമുന്നയിക്കുന്ന വിഭാഗത്തിന് പിന്തുണ നല്‍കിക്കൊണ്ട് ബൂട്ടിയ പരസ്യനിലപാടെടുത്തതോടെ ഇത് രൂക്ഷമായി. ഇതാണ് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകുന്നതിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2008ല്‍ ബൂട്ടിയയെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

chandrika: