X

ലക്ഷ്യം നേടി ഭാരത് ജോഡോയാത്ര, തെളിഞ്ഞത് ‘മഹാത്മാവി’ന്റെ രണ്ടാമുദയം!

കെ.പി ജലീല്‍

4080 കിലോമീറ്റര്‍, 146 ദിവസം, 130 കോടി ജനത, ഒരേ ഒരു നേതാവ്… ചരിത്രത്തിലെ ഏടുകളിലേക്ക് ചേക്കേറിക്കഴിഞ്ഞു ഭാരത് ജോഡോയാത്ര. ആരും ഗൗനിക്കാതെ തകര്‍ന്നുപോകുമെന്ന് കരുതിയ യാത്രയുടെ വിജയം നിര്‍ണയിച്ചത് ഒരേ ഒരു നേതാവിന്റെ അണുവിട തെറ്റാത്ത നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം. നാളെ 4080 കിലോമീറ്റര്‍ പിന്നിടുന്ന ഭാരത്‌ജോഡോ യാത്ര ഇന്ത്യ കണ്ട എക്കാലത്തെയും വേറിട്ട കാഴ്ചയും അനുഭവവുമാകുന്നത് അതിന്റെ നായകന്റെ ഉരുക്കുമുഷ്ടിയാര്‍ന്ന മതേതരചിന്ത ഒന്നുകൊണ്ടുമാത്രം. 2022 സെപ്തംബര്‍ ഏഴിനാരംഭിച്ച് നാളെ സമാപിക്കുന്ന യാത്രകൊണ്ടെന്ത് നേടിയെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉളളൂ. വിചാരിച്ചത് നേടിയെടുക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധി എന്നതാണത്. ഇന്ത്യയെന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനതക്ക് മുന്നില്‍ ഒരുപിടി പ്രതീക്ഷകളാണ് രാഹുല്‍ഗാന്ധിയെന്ന നായകന്‍ പകര്‍ത്തിനല്‍കിയിരിക്കുന്നത്. കഠിനമായ തപസ്യയുടെ പര്യായം. അതല്ലാതെ ഭാരത് ജോഡോ യാത്രയെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകളില്ല.

ഇന്ത്യയെ ലോകത്തിന്റെ മുന്നില്‍ ചെറുതാക്കി, വെറുപ്പിന്റെയും വംശീയതയുടെയും ഇതരമതവിദ്വേഷത്തിന്റെയും വിളനിലമാക്കിയ ഭരണകൂടത്തിനും അതിന്റെ നേതൃത്വത്തിനും കനത്ത താക്കീതാണ് ഭാരത്‌ജോഡോയാത്ര നല്‍കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കകം യാത്ര റദ്ദാക്കപ്പെടുമെന്ന് സ്വപ്‌നം കണ്ടവര്‍ക്കും ഇന്ത്യയെ എല്ലാകാലത്തും തങ്ങളുടെ ഉരുക്കുമുഷ്ടിക്കുള്ളില്‍ കൊണ്ടുനടക്കാമെന്ന് നിനച്ചവര്‍ക്കുമുള്ള പ്രഹരമാണീ യാത്രയുടെ അതിഗംഭീരമാര്‍ന്ന വിജയം.
അതെ, രാഹുലിനെ താന്‍ കുഴിച്ചുമൂടിയെന്ന രാഹുലിന്റെ പ്രസ്താവന അന്വര്‍ത്ഥമായിരിക്കുന്നു. നാണം കുണുങ്ങിയും ഒളിച്ചോട്ടക്കാരനും അന്തര്‍മുഖനുമായ രാഹുല്‍ഗാന്ധിയെയല്ല, നിശ്ചയദൃഢതയുടെ പര്യായവും ഭാവിലോകത്തിന്റെ പ്രത്യാശയുമാണിന്ന് രാഹുല്‍ എന്ന അമ്പത്തിമൂന്നുകാരന്‍. സൂര്യന്‍ അസ്തമിക്കാത്ത ലോകത്തെ കാല്‍ക്കീഴിലാക്കിയ സാമ്രാജ്യത്വത്തെ എവ്വിധം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇന്ത്യയിലെനിസ്വരായ ജനത കുഴിച്ചുമൂടിയോ അത്രയും ലളിതമായാണ് രാഹുലിനെ നേതാവാക്കി ഇന്ത്യയിലെ പുതിയ തലമുറ പുതിയ വര്‍ഗീയസാമ്രാജ്യത്വത്തെ തകര്‍ത്തെറിഞ്ഞിരിക്കുന്നത.് പപ്പുവെന്നു വിളിച്ച് പരിഹസിച്ച പ്രധാനമന്ത്രിയടക്കമുളള അധികാരകേന്ദ്രങ്ങള്‍ക്ക് മുന്നില്‍ താന്‍ നെഹ്രുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും കുടുംബത്തില്‍ പിറന്നവന്‍തന്നെയാണെന്ന് അഭംഗുരം വിളിച്ചുപറഞ്ഞിരിക്കുന്നു രാഹുല്‍ഗാന്ധി.

അയാളുടെ കുടുംബത്തെപ്പറ്റിയോ ആരോഗ്യത്തെ പറ്റിയോ, വഴിയിലെ ദുര്‍ഘടങ്ങളെ പ്പറ്റിയോ ഒന്നുമല്ല ,കഴിഞ്ഞഅഞ്ചുമാസത്തോളം രാഹുല്‍ഗാന്ധിയിലെ പച്ചമനുഷ്യന്‍ സംവദിച്ചതും വിചാരിച്ചതും. ഇന്ത്യയുടെ ശതകോടികളായ മനുഷ്യരുടെ ഭാവിയെയും ഈ രാജ്യത്തിന്റെ നിലനില്‍പിനെക്കുറിച്ചുമായിരുന്നു. ഒരുഭാഗത്ത് കോടികള്‍കൊണ്ടമ്മാനമാടുന്ന, ഏതവനെയും വിലക്കുവാങ്ങാനും നിഷ്‌കാസിതനാക്കാനും നിമിഷങ്ങളുടെ ശേഷിയുള്ള അധികാരവര്‍ഗം. മറുഭാഗത്തോ പാവപ്പെട്ട ഏതാനും നേതാക്കളും പ്രവര്‍ത്തകരും.  വിചാരിച്ചതിലും 500 കിലോമീറ്ററോളം കൂടുതല്‍.  ഇന്ത്യയുടെ 75 ജില്ലകളിലെ മുക്കിലും മൂലകളിലും കാല്‍പാദം വിണ്ടുകീറി, പേശീവേദനസഹിച്ച് നടന്നുതാണ്ടിയ രാഹുലിനെ ഈ ജനതയൊന്നാകെ നെഞ്ചേറ്റിയതില്‍ അത്ഭുതത്തിനവകാശമില്ല. അല്ലെങ്കില്‍ വൈകാതെ വര്‍ഗീയക്കശ്മലന്മാര്‍ ഇന്നാടിനെ എന്നെന്നേക്കുമായി ഇല്ലാതാക്കുമായിരുന്നുവെന്ന് ഏതൊരാളെയുംകാള്‍ ബോധ്യമുളളയാളായിരുന്നു ജോഡോയാത്രയുടെ നായകന്‍. അതെ, അയാള്‍ ആധുനികഇന്ത്യയുടെ പ്രത്യാശയായതില്‍ ആര്‍ക്കും അതിശയവുമില്ല.
മതത്തിന്റെ പേരില്‍, പോത്തിന്റെ പേരില്‍, നിറത്തിന്റെ പേരില്‍, വസ്ത്രത്തിന്റെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, ആചാരാനുഷ്ടാനത്തിന്റെ പേരില്‍… എല്ലാം നാടിനെ പലതായി വെട്ടിമുറിക്കാന്‍ പഴയ ആര്‍ഷഭാരതത്തിന്റെ ജാതീയവക്താക്കള്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ അരുതെന്ന് പറയാന്‍ ഈയൊരാളല്ലാതെ മറ്റൊരാളുണ്ടായില്ല. സ്വന്തം പാര്‍ട്ടിയിലെ പോലും ഭിക്ഷാംദേഹികള്‍ ഭൈമീകാമുകന്മാരായി അധികാരത്തിന്റെയും ഭീഷണിയുടെയും ചിറകുകള്‍ക്കുള്ളിലേക്ക് അഭയംതേടിയിറങ്ങിയപ്പോഴാണ് ആരെടാ എന്നുറക്കെ ചോദിച്ചുകൊണ്ട് ഒരു ജനനായകന്‍ രംഗത്തിറങ്ങിയത്. 1920കളില്‍ ഇന്ത്യയിലേക്ക് കപ്പലിറങ്ങിവന്ന കറുത്ത കോട്ടിട്ട ,പിന്നീട് അര്‍ധനഗ്നായ മഹാത്മാവിനെ ഓര്‍മിപ്പിക്കുകയായിരുന്നു അതേ വയസ്സുള്ള രാഹുല്‍. തന്റെ മുതുമുത്തച്ഛന്റെ ഇന്ത്യയെ വീണ്ടും കണ്ടെത്തേണ്ടതും തിരിച്ചുപിടിക്കേണ്ടതും തന്റെ ജന്മബാധ്യതയായി നെഹ്രുവിന്റെ പ്രപൗത്രന്‍ തീരുമാനിച്ചതില്‍ വേറിട്ടൊരു നിശ്ചയമുണ്ട്, അത് കാലം ആവശ്യപ്പെട്ട നീതിയുടെയും നന്മയുടെയും മാര്‍ഗവും ദൗത്യവുമാണ്. അതാണ് ഇന്ത്യയുടെ ആത്മാവ് ആവശ്യപ്പെട്ടതും.


അമ്മയും സഹോദരിയും പാര്‍ട്ടിയിലെ ചുരുക്കം നേതാക്കളും മാത്രം കൂടെയുള്ളതുകൊണ്ടാണ് രാഹുലിന് ഈയൊരു മഹത് ദൗത്യം പൂര്‍ത്തിയാക്കാനായത്. അവരുടെകൂടെ ഒരു മഹാജനതയുടെ പ്രാര്‍ത്ഥനയും തേട്ടവും. അധികാരം പിടിക്കാനുളള അടങ്ങാത്ത അഭിവാഞ്ഛയും അതിനായി നടത്തുന്ന മനുഷ്യരുടെ കൂട്ടക്കുരുതികളും അതിനെ ന്യായീകരിക്കാനുളള മെഷിനറികളുമല്ല, എല്ലാം ത്യജിക്കുന്ന രാജ്യത്തെ തണുപ്പിലും വെയിലിലുംപട്ടിണിയിലും വിറകൊള്ളുന്ന ജന്മങ്ങള്‍ക്കുവേണ്ടിയായിരുന്നു ആ നടത്തം. ഒരുമിക്കൂ, ശക്തിപ്പെടാമെന്ന പഴയ മന്ത്രംതന്നെയായിരുന്നു രാഹുലും ആവര്‍ത്തിച്ചത്. പക്ഷേ അതിനൊരു വീറുണ്ടായിരുന്നു. മഹാത്മാക്കള്‍ നേടിത്തന്ന രാഷ്ട്രസ്വാതന്ത്ര്യത്തിന്റെ പോരാട്ടവീര്യമല്ലാതെ മറ്റൊന്നായിരുന്നില്ല അത്. വേണമെങ്കിലിതിനെ രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിളിക്കാം.
്അതെ, രാഹുല്‍ പറഞ്ഞതുപോലെ, ഭിന്നതകളല്ല, ബി.ജെ.പിക്കെതിരായ,വര്‍ഗീയതക്കും ഭിന്നതക്കുമെതിരായ ഐക്യമാണ് ഇതിലൂടെ സാക്ഷ്യപ്പെടുത്തപ്പെടുന്നത്.
കമല്‍ഹാസനും എം.കെ സ്റ്റാലിനും പ്രിയങ്കയും നടീനടന്മാരും മാത്രമല്ല, എണ്ണമറ്റ നിസ്വാര്‍ത്ഥരായ മനുഷ്യരുടെ കരസ്പര്‍ശംകൂടിയാണീ യാത്രയെ വേറിട്ടതാക്കിയത്. ഈ ചരിത്രദൗത്യത്തില്‍നിന്ന് മാറിനിന്നവരും തടയാന്‍ ശ്രമിച്ചവരും ഭത്സിച്ചവരും ശത്രുക്കളുടെ കൂടെയാണെന്നതിന് തെളിവ് വേണ്ട.
അതെ, ഇനി വിശ്രമിക്കാന്‍ സമയമില്ല, വിറങ്ങലിച്ചുനില്‍ക്കലല്ല, ഏതുസമയത്തും കൈവിട്ടുപോകാവുന്ന മതേതരജനാധിപത്യഇന്ത്യയെ അതിന്റെ ആത്മസത്തയിലേക്ക്, അംബേദ്കര്‍ ചൂണ്ടിക്കാണിച്ച പന്ഥാവിലേക്ക് തിരിച്ചുപിടിക്കലാണ് ഓര ഭാരതീയന്റെയും ദൗത്യം.

ജോഡോയാത്ര സമാപിക്കുമ്പോള്‍ കേള്‍ക്കുന്നത് അതാണ്: സാമ്പത്തികക്കുത്തകകളുടെ തകര്‍ച്ചയുടെ വാര്‍ത്തകള്‍. വരാനിരിക്കുന്നത് ആ കുത്തകകളുടെ സൂക്ഷിപ്പുകാരുടേതാകുമെന്ന് തീര്‍ച്ച. കന്യാകുമാരിയിലെ സ്വാമി വിവേകാനന്ദന്റെ യഥാര്‍ത്ഥ സനാതനധര്‍മമാണ് ഇന്ത്യയുടേതെന്നും വഴിയില്‍ കൊല്ലപ്പെടുന്ന പാവപ്പെട്ടവനുനേര്‍ക്കുള്ള അധര്‍മമല്ല അതെന്നും രാഹുല്‍ വിളിച്ചുപറഞ്ഞിരിക്കുകയാണ്. ശ്രീനഗറില്‍ സമാപിക്കുന്നത് ന്യൂനപക്ഷജനതയുടെ സംരക്ഷണത്തിന്റെ പുതുയാത്രയും. അതാകട്ടെ വരുംകാല ഇന്ത്യ. അതാണ് ഭാരത് ജോഡോയാത്രയിലൂടെ ഇന്ത്യക്കും ലോകത്തിനും രാഹുല്‍ എന്ന പുതിയ മഹാത്മാവ് പ്രശോഭിച്ചിരിക്കുന്നത് !

Chandrika Web: