X
    Categories: Video Stories

ഭൂട്ടിയ കൈപിടിക്കുന്നു; മാജിദിന് പ്രൊഫണഷല്‍ ഫുട്‌ബോളറാവാം

തീവ്രവാദ സംഘടന ലഷ്കറെ ത്വയ്ബയിൽ നിന്ന് സ്വമേധയാ പിന്മാറി സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്ന കശ്മീരി ഫുട്‌ബോളർ മാജിദ് ഇർഷാദ് ഖാന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ഭൂട്ടിയയുടെ ഓഫർ. ദക്ഷിണ കശ്മീരിലെ അനന്തനാഗിൽ പ്രാദേശിക ക്ലബ്ബിന്റെ ഗോൾകീപ്പറായ മാജിദിന് തന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ബൈചുങ് ഭൂട്ടിയ ഫുട്‌ബോൾ സ്‌കൂളി’ൽ പരിശീലനം നടത്താമെന്ന് ഭൂട്ടിയ വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്‌കൂൾ ആണ് ഭൂട്ടിയയുടേത്. ഡൽഹി, മുംബൈ തുടങ്ങി 10 നഗരങ്ങളിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.

ഏറ്റുമുട്ടലിൽ സൈന്യം തന്റെ ഉറ്റ സുഹൃത്തിനെ വധിച്ചതിൽ മനം നൊന്താണ് 20 കാരനായ മാജിദ് ഒരാഴ്ച മുമ്പ് ലഷ്കറിൽ ചേർന്നത്. എന്നാൽ, തീവ്രവാദ സംഘത്തിൽ നിന്ന് സ്വയം പിന്മാറിയ മാജിദ് വെള്ളിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാവുകയായിരുന്നു. തോക്കെടുക്കാനുള്ള മകന്റെ തീരുമാനത്തിൽ മനം നൊന്ത മാജിദിന്റെ ഉമ്മയുടെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈയിടെ മാജിദ് ഉൾപ്പെട്ട ലഷ്കർ സംഘവുമായി സൈന്യം ഏറ്റുമുട്ടുകയും ഒരാളെ വധിക്കുകയും ചെയ്തു.

മാജിദ് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തതല്ലെന്നും സ്വമേധയാ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണുണ്ടായതെന്നും കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മുനീര്‍ ഖാന്‍ പറഞ്ഞു. പൊതുജനങ്ങളുടെ താല്‍പര്യം മാനിച്ച് ലഷ്കറെ ത്വയ്ബ മാജിദിനെ മാതാപിതാക്കളെ സേവിക്കാന്‍ വിടുകയാണ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.

മികച്ച ഗോൾകീപ്പറെന്ന ഖ്യാതി നേടിയ മാജിദിന് ട്വിറ്ററിലൂടെയാണ് ഭൂട്ടിയ പരിശീലന വാഗ്ദാനം നൽകിയത്. മാജിദിന്റെ വാർത്ത വായിച്ചറിഞ്ഞ താൻ ജമ്മു കശ്‌മീർ ഫുട്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടെന്നും, മാജിദിനെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചെന്നും മുൻ ക്യാപ്റ്റൻ ട്വീറ്റ് ചെയ്തു. ഡൽഹിയിലെ ഭൂട്ടിയ സ്‌കൂളിൽ പരിശീലനം നടത്തി പ്രൊഫഷണൽ ഫുട്ബോളർ ആകാൻ മാജിദിനെ സഹായിക്കണമെന്നും താരം വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: