X
    Categories: Newsworld

മ്യാന്‍മര്‍ സൈന്യം ഉടന്‍ അധികാരമൊഴിഞ്ഞ് തടവിലാക്കിയവരെ വിട്ടയക്കണം; വീണ്ടും മുന്നറിയിപ്പുമായി ബൈഡന്‍

നായ്പിടോ: മ്യാന്‍മര്‍ സൈന്യം ഉടന്‍ അധികാരത്തില്‍ നിന്നൊഴിയണമെന്നും അട്ടിമറിനീക്കത്തിലൂടെ തടവിലാക്കിയ ഉദ്യോഗസ്ഥരേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും വിട്ടയക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മ്യാന്‍മറിലെ സൈനിക അട്ടിമറി അമേരിക്ക തിങ്കളാഴ്ച സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇച്ഛയെ മറികടക്കാന്‍ സൈന്യം ഒരിക്കലും ശ്രമിക്കരുതെന്നും ബൈഡന്‍ പറഞ്ഞു.

”ബര്‍മീസ് സൈന്യം തങ്ങള്‍ പിടിച്ചെടുത്ത അധികാരം ഉപേക്ഷിക്കുകയും തടഞ്ഞുവെച്ച അഭിഭാഷകരെയും സാമൂഹിക പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും മോചിപ്പിക്കുകയും ടെലികമ്മ്യൂണിക്കേഷന്റെ നിയന്ത്രണങ്ങള്‍ നീക്കുകയും അക്രമത്തില്‍ നിന്ന് വിട്ടുനിക്കുകയും വേണം,” ബൈഡന്‍ പറഞ്ഞു.

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരാജയപ്പെട്ടിരുന്നു. മ്യാന്‍മറിന്റെ പ്രധാന സഖ്യകക്ഷിയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗവുമായ ചൈന വിട്ടുനിന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് സാധിക്കാതിരുന്നത്. സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ അധികാരമുള്ള അംഗം കൂടിയാണ് ചൈന. ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ പട്ടാളം അട്ടിമറി നടത്തിയതിനെ തുടര്‍ന്നാണ് വെര്‍ച്ച്വലായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

ജനാധിപത്യത്തെ പിന്തുണച്ച് മ്യാന്‍മറില്‍ പ്രസ്താവന ഇറക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ മ്യാന്‍മര്‍ പ്രതിനിധിയുടെ ആവശ്യം പരിഗണിച്ചാണ് പതിനഞ്ചംഗ സുരക്ഷാ കൗണ്‍സിലില്‍ യു.കെ, എഴുതി തയ്യാറാക്കിയ പ്രമേയം പരിഗണിച്ചത്.

തങ്ങള്‍ ഭരണഘടനാപരമായേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് അട്ടിമറി നീക്കങ്ങള്‍ക്കൊടുവില്‍ സൈന്യം പറഞ്ഞത്.നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നും സൈന്യം ആരോപിച്ചു.അതേസമയം സൈന്യത്തിന്റെ വാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.നൂറോളം പാര്‍ലമെന്ററി അംഗങ്ങളെ തുറന്ന ജയിലില്‍ തടങ്കലിലാക്കിയിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

web desk 3: