X

ബിഹാറില്‍ ആര്‍.ജെ.ഡി റാലിയെച്ചൊല്ലി രാഷ്ട്രീയപ്പോര്

പട്‌ന: ആര്‍.ജെ.ഡി ഈമാസം 27ന് നടത്തുന്ന റാലിയെച്ചൊല്ലി ബിഹാറില്‍ രാഷ്ട്രീയ വാഗ്വാദം. സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ റാലി മാറ്റി വെക്കണമെന്ന ബി.ജെ.പി ആവശ്യം ആര്‍. ജെ.ഡി തള്ളി. ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുറന്നടിച്ചു.

വര്‍ഗീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന ജെ.ഡി.യു സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചെന്നും ഭരണ പരാജയം മറച്ചുവെക്കാനാണ് റാലിക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. റാലി മാറ്റിവെച്ചാല്‍ വെള്ളപ്പൊക്ക കെടുതികള്‍ അവസാനിക്കുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. സര്‍ക്കാരിന്റെ നിസ്സംഗത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് റാലി സംഘടിപ്പിച്ചത്-ലാലു വ്യക്തമാക്കി. ഈമാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രളയ ബാധിത മേഖല സന്ദര്‍ശിക്കാനിരിക്കെയാണ് ബി.ജെ.പി-ആര്‍. ജെ. ഡി രാഷ്ട്രീയ യുദ്ധം പുതിയതലത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതിലും വലിയ പ്രളയം ബിഹാറിലുണ്ടായിട്ടും മോദി ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ലാലു ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ദുരിതം കാണുകയല്ല, മാനസീക ഉല്ലാസം ലക്ഷ്യമിട്ടാണ് മോദി സംസ്ഥാനത്ത് എത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. യു.പിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞുമരിച്ചപ്പോള്‍ എന്തുകൊണ്ടാണ് മോദി അവിടെ സന്ദര്‍ശിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിയാണ് റാലി മാറ്റിവെക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. റാലിയില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച ജെ.ഡി.യു വിമത നേതാവ് ശരത് യാദവിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാ ക്കളോടെല്ലാം പിന്‍മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഭ്യര്‍ത്ഥന മാനിച്ച് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മായാവ തി എന്നിവര്‍ പങ്കെടുക്കില്ലെന്നാണ് സൂചന. അതേസമയം 27ന് പട്‌ന ഗാന്ധി മൈതാനത്ത് നടക്കുന്ന റാലിയില്‍ 25 ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് ആര്‍.ജെ.ഡിയുടെ അവകാശവാദം. മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറി ജെ.ഡി.യു ബി.ജെ.പിക്കൊപ്പം ചേര്‍ന്നത് ബിഹാറില്‍ പുതിയ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശക്തിതെളിയിക്കുകയാണ് റാലിയിലൂടെ ലാലു ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് വെള്ളപ്പൊക്കത്തില്‍ 350 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒന്നരക്കോടിയിലധികം പേരെ പ്രളയം ബാധിച്ചു. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടത്തുന്നില്ലെന്നാരോപിച്ച് പ്രളയബാധിത മേഖലയിലെ ജനങ്ങള്‍ ദേശീയപാതകള്‍ ഉപരോധിച്ചു.

chandrika: