X
    Categories: indiaNews

ബിഹാര്‍ മന്ത്രി കോവിഡ് ബാധിച്ചു മരിച്ചു; തെരഞ്ഞെടുപ്പടുത്തിരിക്കെ നിതീഷ് മന്ത്രിസഭയിലെ രണ്ടാമത്തെ മരണം

പാറ്റ്‌ന: മുതിര്‍ന്ന ജെഡിയു നേതാവും ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സര്‍ക്കാറിലെ മന്ത്രിയുമായ കപില്‍ ദിയോ കാമത്ത് കോവിഡ് ബാധിച്ചു മരിച്ചു. പാറ്റ്‌നയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിക്കെയാണ് 70 കാരന്റെ മരണം.

കോവിഡ് സ്ഥിരീകരണത്തിന് പിന്നാലെ ഒക്ടോബര്‍ ഒന്നിനാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായതോടെ തിങ്കളാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നെന്ന് എയിംസ് ഡോക്ടര്‍ സജീവ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷമായി ബിഹാര്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാമത്ത്, നിതീഷ് കുമാര്‍ മന്ത്രിസഭയിലെ കരുത്തനായ നേതാവായിരുന്നു. ബാബുബര്‍ഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കാമത്തിന്റെ മരണം തെരഞ്ഞടുപ്പുത്തിരിക്കെ ജെഡിയുവിന് തിരിച്ചടിയാണ്. 10 വര്‍ഷമായി മന്ത്രിയായ കാമത്ത്, നിലവില്‍ ബിഹാര്‍ പഞ്ചായത്തീരാജ് മന്ത്രിയാണ്. കാമത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചിച്ചു.

തെരഞ്ഞെടുപ്പടുത്തിരിക്കെ നിതീഷ് മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയാണിപ്പോള്‍ മരിക്കുന്നത്. നേരത്തെ, കോവിഡ് മുക്തനായതിന് ദിവസങ്ങള്‍ക്ക് പിന്നാലെ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി വിനോദ് സിങ് മരണപ്പെട്ടിരുന്നു. മസ്തിഷ്‌ക രക്തസ്രാവത്തിന് പിന്നാലെ ഡല്‍ഹി ആശുപത്രിയിലായിരുന്നു ബിജെപി നേതാവ് കൂടിയായ വിനോദ് സിങിന്റെ മരണം. ലോക് ജനശക്തി പാര്‍ട്ടി തലവനും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മരണവും ബിഹാര്‍ തെരഞ്ഞെടുപ്പടുത്തിരിക്കെയായിരുന്നു. ഇതിന് പുറമെ ജൂലൈയില്‍ ബിഹാര്‍ ബിജെപി എംഎല്‍സി സുനില്‍ കുമാര്‍ സിംഗ് (69) എയിംസ്-പട്നയില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

 

chandrika: