X

ബിനാലെക്ക് വീണ്ടും സര്‍ക്കാരിന്റെ വഴിവിട്ട സഹായം

അഷ്‌റഫ് തൈവളപ്പ്

കൊച്ചി: സ്വകാര്യ സംരംഭമായ കൊച്ചി മുസിരിസ് ബിനാലെക്ക് വീണ്ടും ഇടത് സര്‍ക്കാരിന്റെ വഴിവിട്ട സഹായം. മാര്‍ച്ച് വരെ നീളുന്ന ബിനാലെയുടെ മൂന്നാം പതിപ്പിന്റെ പരസ്യ പ്രചരണത്തിനായി മൂന്ന് കോടി രൂപയാണ് ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും സംസ്ഥാനം കര കയറിയില്ലെന്നിരിക്കെ ഒരു സ്വകാര്യ ട്രസ്റ്റിന്റെ പരിപാടിക്ക് സര്‍ക്കാര്‍ ഇത്രയും തുക അനുവദിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

 

ഈ തുകയടക്കം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം 7.5 കോടി രൂപയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ബിനാലെക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ അനുവദിച്ചത് 20.5 കോടി രൂപയും. ബിനാലെ നടക്കാത്ത വര്‍ഷങ്ങളില്‍ പോലും ബിനാലെ ട്രസ്റ്റിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചു. 2012ല്‍ നടന്ന പ്രഥമ ബിനാലെക്ക് വി.എസ് സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ ബേബി അഞ്ചു കോടി രൂപ അനുവദിച്ചത് ഏറെ വിവാദമായിരുന്നു. ഫണ്ട് വിനിയോഗത്തില്‍ വന്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ബിനാലെക്ക് യഥേഷ്ടം സര്‍ക്കാര്‍ ഫണ്ട് ലഭിച്ചു. സര്‍ക്കാരിന് ഒരു പ്രാതിനിധ്യവുമില്ലാത്ത ട്രസ്റ്റാണ് ബിനാലെയുടെ നടത്തിപ്പുകാര്‍.

 

പരസ്യ ചിത്രത്തിന്റെ നിര്‍മാണത്തിന് 63 ലക്ഷവും പ്രദര്‍ശിപ്പിക്കുന്നതിന് 2.26 കോടി രൂപയുമാണ് യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഡിസ്‌ക്കവറി, ഹിസ്റ്ററി ടി.വി, ലിവിങ് ഫുഡ്‌സ്, സ്റ്റാര്‍ മൂവീസ്, സോണി പിക്‌സ്, സോണി മാക്‌സ് എന്‍.ഡി.ടി.വി, സി.എന്‍.എന്‍, ന്യൂസ് 18 തുടങ്ങിയ വന്‍കിട ചാനലുകളിലാണ് പരസ്യം സംപ്രേഷണം ചെയ്യുന്നത്.
പത്തു മുതല്‍ മൂപ്പത് വരെ സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പരസ്യ നിര്‍മാണത്തിന്റെ ചെലവായി ബിനാലെ അധികൃതര്‍ 63 ലക്ഷം രൂപയുടെ ബില്ലുകളാണ് സമര്‍പ്പിച്ചത്.

എട്ടു ലക്ഷം രൂപയാണ് സംവിധായകന്റെ ഫീസ്. അഭിനേതാക്കള്‍ക്ക് നാലു ലക്ഷം രൂപ. താമസം, യാത്ര, ഭക്ഷണം തുടങ്ങി മുഴുവന്‍ ചെലവുകളുടെയും ബില്ലുകളാണ് സമര്‍പ്പിച്ചത്. ബിനാലെയുടെ സാരഥികളിലൊരാളുടെ ബന്ധുവിന്റെ മുംബൈ ആസ്ഥാനമായ പരസ്യ കമ്പനിക്കാണ് പരസ്യ വിതരണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഡിസംബര്‍ 21ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഈ ചെലവുകള്‍ക്കുള്ള തുക അതേ പടി അംഗീകരിച്ചതും അനുവദിച്ചതും. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രിയാണ് 108 ദിവസം നീളുന്ന ബിനാലെ ഉദ്ഘാടനം ചെയ്തത്.

അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെ ബിനാലെക്ക് സ്ഥിരം വേദി പരിഗണിക്കുമെന്നും പൂര്‍ണ പിന്തുണ നല്‍കുമെന്നും പിണറായി വിജയന്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. ബോസ് കൃഷ്ണാമാചാരിയും റിയാസ് കോമുവും ചേര്‍ന്ന് തുടങ്ങിയ ഫൗണ്ടേഷന് ലുലു അടക്കമുള്ള പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെ സാമ്പത്തിക സഹായം ലഭിച്ചിരുന്നു.ഇതിന് പുറമേയാണ് സര്‍ക്കാരിന്റെ വഴിവിട്ട സഹായം.

എന്നിട്ടും സന്ദര്‍ശകരില്‍ നിന്ന് 50, 100 രൂപ നിരക്കുകളില്‍ ഫീസ് ഈടാക്കുകയും ചെയ്യുന്നുണ്ട്. ദിനംപ്രതി ആയിരത്തിലധികം പേര്‍ ബിനാലെ കാണാനെത്തുന്നുണ്ടെന്നാണ് അധികൃതരുടെ തന്നെ അവകാശ വാദം. അടുത്തിടെ കൊച്ചി മെട്രോയുടെ തൂണുകളില്‍ ചിത്രം വരക്കാന്‍ ബിനാലെക്ക് അവകാശം നല്‍കാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. കേരള ലളിത കല അക്കാദമി അടക്കമുള്ള സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.

chandrika: