X
    Categories: keralaNews

പി.കെ ഫിറോസിന്റെ ‘ഉണ്ടയില്ലാ വെടി’ നെഞ്ചില്‍ തന്നെ കൊണ്ടു; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് പത്താം മണിക്കൂറിലും തുടരുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പത്താം മണിക്കൂറിലേക്ക് കടന്നു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികള്‍ സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സ്വപ്ന സുരേഷിന് കമ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അപ്രതീക്ഷിതമായി എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രാവിലെ ഒമ്പതരയോടെയാണ് ബിനീഷ് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയത്.

എന്‍ഫോഴ്സ്റ്റന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ പത്തു മണിക്ക് ഓഫീസിലെത്തിയതോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ ഇ.ഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്ന് സംശയമുണ്ട്. ഈ കേസ് അന്വേഷിച്ച നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇ.ഡിയില്‍ നിന്ന് വിവരങ്ങള്‍ തേടി.

കേസില്‍ ഇ.ഡി ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാവും ബിനീഷില്‍ നിന്ന് പ്രധാനമായും ആരായുക.

അതിനൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ്ങിനുള്ള കരാര്‍ ലഭിച്ച യുഎഎഫ് എക്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനവുമായി ബിനീഷിന്റെ ബന്ധവും പരിശോധിക്കും. ഈ സ്ഥാപനത്തില്‍ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപ കമ്മിഷന്‍ ലഭിച്ചിരുന്നു. ഇതിന് പുറമേ 2015ല്‍ തുടങ്ങിയ ശേഷം പ്രവര്‍ത്തനം നിലച്ച 2 കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തവും പരിശോധിക്കും.

ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് അന്വേഷിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഫിറോസിന്റെത് ഉണ്ടയില്ലാ വെടിയാണെന്നായിരുന്നു സിപിഎം സൈബര്‍ പോരാളികളുടെ ന്യായീകരണം. എന്നാല്‍ ഫിറോസിന്റെ ഉണ്ടയില്ലാ വെടി ബിനീഷിന്റെ നെഞ്ചില്‍ തന്നെയാണ് കൊണ്ടിരിക്കുന്നത് എന്നാണ് ഇപ്പോള്‍ തെളിയുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: