X

ബിനോയ് കോടിയേരി വിഷയം, പോളിറ്റ്ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം ബംഗാള്‍ ഘടകം

 

കൊല്‍ക്കത്ത: കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പോളിറ്റ്ബ്യൂറോ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം പശ്ചിമബംഗാള്‍ ഘടകം. വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തെന്നും കൊല്‍ക്കത്തയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന സമിതി യോഗം വിലയിരുത്തി. സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനേയും കാരാട്ട് വിഭാഗത്തേയും ഒരേ സമയം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.
ബിനോയ് കോടിയേരി വിഷയം രണ്ട് വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നും അതില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു നേരത്തെ ഇതുസംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരും ഇതേ നിലപടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഏതെങ്കിലും വ്യക്തിയുടെ സാമ്പത്തിക ഇടപാട് മാത്രമായി ചിത്രീകരിച്ച് നിസ്സാരവല്‍ക്കരിക്കാനാവില്ലെന്ന നിലപാടാണ് ബംഗാള്‍ ഘടകം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. തീരാകളങ്കമാണ് ഇതിലൂടെ വന്നുചേര്‍ന്നിരിക്കുന്നത്- ബംഗാള്‍ ഘടകം വ്യക്തമാക്കി.

chandrika: