മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 72-ാം പിറന്നാൾ. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തി. പെരുമഴയത്തും ആരാധകർ മമ്മുക്കയെ വിഷ് ചെയ്യാൻ ആ വീട്ടു പടിക്കൽ കാത്തുനിന്നു.വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അംഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർദ്ധരാത്രിയോട് തടിച്ച് കൂടിയത്. ആശംകൾ അറിയിച്ചും ആർപ്പുവിളിച്ചും ആരാധകർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.
മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടൻ ജനിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം ജനിച്ചു വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി.‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ മമ്മൂട്ടി ഇതിനകം അഞ്ഞൂറിലധികം സിനിമകളിൽ അഭിമായിച്ചു കഴിഞ്ഞു.ഇന്ന് മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും പുറത്തിറങ്ങും.നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
.