X

മാറാട് കേസില്‍ വര്‍ഗീയ കാര്‍ഡിറക്കി വീണ്ടും ബി.ജെ.പി

കോഴിക്കോട്: അനാവശ്യ ആരോപണവുമായി ബി.ജെ.പി വീണ്ടും രംഗത്ത്. മാറാട് കേസിനെ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പ്രസ്താവനകള്‍ പുറത്തിറക്കി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ജനറല്‍ സെക്രട്ടറി എം.ടി രമേശുമാണ് മാറാട് വിഷയത്തെ കുത്തിപ്പൊക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചതോടെയാണ് മാറാട് വിഷയവും കത്തിക്കാന്‍ ശ്രമം നടത്തിയത്. യാത്രക്ക് കോഴിക്കോട് ജില്ലയില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇത് മറികടക്കാനാണ് മാറാട് ചര്‍ച്ചയാക്കാന്‍ നേതൃത്വം തീരുമാനിച്ചത്.

വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടി അടിസ്ഥാന രഹിതമായ ആവശ്യങ്ങളുമായാണ് എം.ടി രമേശ് രംഗത്തെത്തിയിരിക്കുന്നത്. മുസ്‌ലിം ലീഗ് നേതാക്കളെ വിഷയവുമായി ബന്ധപ്പെടുത്താനാണ് എം.ടി രമേശ് ശ്രമിച്ചത്. ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന പി.കെ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിച്ച് മാധ്യമ ശ്രദ്ധ നേടാനും രമേശ് മുതിര്‍ന്നു.

പാര്‍ലമെന്റിലടക്കം ബി.ജെ.പിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന മുസ്്‌ലിം ലീഗ് ദേശീയ ട്രഷറര്‍ കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ കേസുമായി ബന്ധപ്പെടുത്തി ചര്‍ച്ചയുണ്ടാക്കുക എന്ന ലക്ഷ്യമാണിതിന് പിന്നില്‍. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന മുസ്്‌ലിം ലീഗിനെ സി.പി.എമ്മുമായും മറ്റു വര്‍ഗീയ കക്ഷികളുമായും കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം മറന്നില്ല. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇടതുമുന്നണിയെ സഹായിക്കാന്‍ വേണ്ടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ജനരക്ഷാ യാത്ര ഒരാഴ്ച പിന്നിട്ടിട്ടും പ്രതീക്ഷിച്ച പ്രതികരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുതിയ വിഷയവുമായി പാര്‍ട്ടി രംഗത്തെത്തിയത്. യാത്രക്കിടെ ദേശീയ അധ്യക്ഷന്‍ ‘-അമിത് ഷാ മുങ്ങിയതും വാര്‍ത്തയായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാറാട് വിഷയം സജീവമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ കുമ്മനം രാജശേഖരന്‍ മാറാട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതിനിടെ ജനരക്ഷാ യാത്രയില്‍ പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം നടത്തുന്നതില്‍ മുതിര്‍ന്ന ബി.ജെ. പി നേതാക്കള്‍ അതൃപ്തി അറിയിച്ചതും ചര്‍ച്ചയായിട്ടുണ്ട്.

chandrika: