X

ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി: ഇപ്പോള്‍ രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ ബി.ജെ.പി നിലം പൊത്തുമെന്ന് സര്‍വ്വേ ഫലം. ഇന്ത്യ ടുഡേയുടെ കര്‍വി ഇന്‍സൈറ്റ്‌സ് നടത്തിയ സര്‍വ്വേയാണ് ഈ ഫലം പുറത്തു വിട്ടത്.

‘മൂഡ് ഓഫ് ദ നേഷന്‍’ എന്ന പേരിലായിരുന്നു സര്‍വ്വേ നടത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ എന്‍.ഡി.എ 281 സീറ്റുകളില്‍ മാത്രമേ ജയിക്കുകയുള്ളൂവെന്ന് സര്‍വ്വേ പറയുന്നു. അതേസമയം, കോണ്‍ഗ്രസ് 122 സീറ്റുകളില്‍ ജയിക്കുമെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ അധികാരത്തില്‍ ആരെന്നത് തീരുമാനിക്കുന്നത് മറ്റ് പ്രാദേശിക പാര്‍ട്ടികളായിരിക്കും. ജൂലൈ 18 മുതല്‍ 29 വരെ നടത്തിയ സര്‍വ്വേ പ്രകാരം കോണ്‍ഗ്രസ്-ബി.ജെ.പി ഇതര പാര്‍ട്ടികള്‍ 140 സീറ്റുകള്‍ നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ എന്‍.ഡി.എ 36 ശതമാനം വോട്ടുകള്‍ നേടുമെന്നും കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 31 ആയി ഉയരുമെന്നും സര്‍വ്വേ പറയുന്നു. അതേസമയം, മറ്റു ചെറുപാര്‍ട്ടികള്‍ 33 ശതമാനം വോട്ടും നേടും.

2014 ല്‍ വന്‍ഭൂരിപക്ഷത്തോടെയാണ് എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ബി.ജെ.പി ഒറ്റക്ക് തന്നെ 272 എന്ന കടമ്പ കടന്നിരുന്നു. 282 സീറ്റുകളായിരുന്നു വിജയിച്ചത്. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 166 സീറ്റുകളുടെ വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്. 336 സീറ്റുകളാണ് എന്‍.ഡി.എ സഖ്യം ആകെ നേടിയത്. അതേസമയം, കോണ്‍ഗ്രസിനെ സംബന്ധിച്ച് വന്‍ പരാജയമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് സമ്മാനിച്ചത്. വെറും 44 സീറ്റുകളാണ് കോണ്‍ഗ്രസ്സിന് നേടാനായത്.

chandrika: