X
    Categories: MoreViews

കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നു; ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ തുടരുന്നു. മട്ടന്നൂര്‍ നടുവനാടും ഉളിക്കലിലും ബിജെപി ഓഫീസിനു നേരെ ആക്രമണമുണ്ടായി. ഉളിക്കലിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് ബിജെപി ഓഫീസുകള്‍ അടിച്ചു തകര്‍ത്തത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള തലശ്ശേരി ടാഗോര്‍ വിദ്യാപീഠം സിപിഎം പ്രവര്‍ത്തകര്‍ പൂട്ടിച്ചു. സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സ്‌കൂളില്‍ കയറാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. അതിനിടെ, ബോംബേറുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ബോംബ് പൊട്ടിച്ചത് സിപിഎമ്മുകാരാണെന്ന് ബിജെപി നേതാവ് എം.ടി രമേശ് ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് കോടിയേരി പങ്കെടുത്ത പരിപാടിക്കു നേരെ ബോംബേറ് നടന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കെ.പി ജിതേഷിന്റെ രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് കോടിയേരി പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. വേദിക്ക് നൂറു മീറ്ററിനുള്ളില്‍ പതിച്ച ബോംബിന്റെ ചീള് തെറിച്ച് സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു. എന്നാല്‍ പൊലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ കൃത്രിമ കഥയാണ് ബോംബെറെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. അണ്ടലൂരില്‍ സന്തോഷ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കൂട്ടിലായ സിപിഎം പ്രതിഛായ വീണ്ടെടുക്കാന്‍ നടത്തുന്ന നാടകമാണിതെന്നും ബിജെപി ആരോപിച്ചു.

chandrika: