X
    Categories: MoreViews

ഫഹദിനെതിരെയുള്ള സംഘടിത ആക്രമണം: പ്രതിഷേധം കനത്തതോടെ പോസ്റ്റ് മുക്കി ബി.ജെ.പി പേജ്

കോഴിക്കോട്: ദേശീയ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌ക്കരിച്ച നടന്‍ ഫഹദ്ഫാസിലിനെതിരെയുള്ള സംഘടിതാക്രമണത്തില്‍ പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിന്‍വലിച്ച് ബി.ജെ.പി പേജ്. ബി.ജെ.പി പത്തനംതിട്ട പേജിലൂടെയാണ് ഫഹദിനെതിരെയുള്ള നീചവും നിലവാരമില്ലാത്തതുമായ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. പോസ്റ്റ് പ്രചരിച്ചതോടെ ഫഹദിനെ മാത്രം വേര്‍തിരിച്ചുള്ള ആക്രമണങ്ങള്‍ക്ക് വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നു. ഒടുവില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ബി.ജെ.പി പേജ് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചതിനുശേഷം സ്‌റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍സിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുകയായിരുന്നു ഫഹദിന്റെ പദ്ധതിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. തുടര്‍ന്ന് ബാക്കിയുള്ളവര്‍ പ്രതിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുമെന്നും ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നുവെന്നും അവര്‍ പറയുന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയിക്കുന്നുവെന്നും പറയുന്ന പോസ്റ്റില്‍ ഈ നീക്കം കേന്ദ്ര ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ട് തടയുകയായിരുന്നുവെന്നുമാണ് അവകാശപ്പെടുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ബഹിഷ്‌കരിക്കല്‍ നാടകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വാര്‍ത്ത. ഫഹത് ഫാസിലും, ഭാഗ്യലക്ഷ്മിയും ചേര്‍ന്ന് രാജ്യദ്രോഹികളുമായി ചേര്‍ന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. പാരിതോഷികമായി രണ്ടാള്‍ക്കും വന്‍തുക വാഗ്ദാനം ചെയ്യപ്പെട്ടതായി സംശയം. അവാര്‍ഡിനൊന്നും തിരഞ്ഞെടുക്കപ്പെടാത്ത ഭാഗ്യലക്ഷ്മിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രതിഷേധ റാലിയെ പ്പറ്റി ഭാഗ്യലക്ഷ്മി, ചാനലിലും പറഞ്ഞിരുന്നു. ബാക്കി കലാകാരന്‍മാര്‍ പ്രതിഷേധത്തെ സ്വാഭാവികമായാണ് കണ്ടത്.

പ്രതിഷേധമെന്ന പേരില്‍ ആസൂത്രണം ചെയ്ത പ്രോഗ്രാം ഇങ്ങനെ.

പ്രസിഡന്‍ഡിന്റെ കൈയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക. തുടര്‍ന്ന് സ്‌റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍സിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്‍ന് ബാക്കിയുള്ളവര്‍ പ്രതിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.

എന്നാല്‍ ഈ നീക്കം കേന്ദ്ര ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് ഐ ബി, പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ എന്ന പേരില്‍ രാജ്യസ്‌നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാനായി കലാകാരിയായ സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികള്‍ക്ക് വലിയ തിരിച്ചടിയായി.

രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാന്‍ പുറത്തുള്ള ആസൂത്രകര്‍ നിര്‍ദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടി വീഴുമെന്നായപ്പോള്‍ ഫഹത് ഫാസില്‍ ഡല്‍ഹിയില്‍ നിന്ന് മുങ്ങി.

chandrika: