X

കുമ്മനത്തിനെതിരായ പരാതി പരിഹരിക്കാന്‍ നെട്ടോട്ടമോടി ബിജെപി; പരാതിക്കാരന് പണം തിരികെ നല്‍കി ഒത്തുതീര്‍ക്കും

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതി ഉടന്‍ തീര്‍പ്പാക്കാനൊരുങ്ങി ബിജെപി. ആറന്‍മുള സ്വദേശിയായ പരാതിക്കാരന് പണം തിരികെ നല്‍കുമെന്ന് സ്ഥാപന ഉടമ സന്നദ്ധത അറിയിച്ചതായാണ് വിവരം. പരാതി പുറത്തുവന്നതോടെ ബിജെപി വെട്ടിലായിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരന്‍ സാമ്പത്തിക തട്ടിപ്പ്‌കേസില്‍ പ്രതിയായത് ബിജെപിക്ക് തിരിച്ചടിയാണ്. ഇത് പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി നേതൃത്വം. അതിനാല്‍ തന്നെ കുമ്മനം നാലാം പ്രതിയായ കേസ് നിയമ നടപടികളിലേക്ക് കടക്കും മുമ്പ് പരിഹരിക്കാനാണ് ശ്രമം. പരാതിക്കാരനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് ന്യൂ ഭാരത് ബയോ ടെക്‌നോളജീസ് ഉടമ വിജയന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരന്‍ പാര്‍ട്ടിയിലെ തന്റെ അടുപ്പക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു. ഇടപെടലിനു ചിലരെ ചുമതപ്പെടുത്തിയതായും സൂചനകളുണ്ട്.

അതേസമയം, പരാതിക്കാരന് നിരവധി പേരെ താന്‍ പരിചയപ്പെടുത്തി കൊടുത്തിരുന്നുവെന്ന് കേസിലെ ഒന്നാം പ്രതിയും കുമ്മനം രാജശേഖരന്റെ മുന്‍ പിഎയുമായ പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ സാമ്പത്തിക ഇടപാടില്‍ പങ്കില്ല. ന്യൂ ഭാരത് ബയോ ടെക്‌നോളജീസിന്റെ പ്രവര്‍ത്തനോദ്ഘാടനം കുമ്മനം രാജശേഖരന്‍ മിസോറാമിലെ ഔദ്യോഗിക വസതിയില്‍ നടത്തിയതായാണ് ആറന്‍മുള സ്വദേശി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.

 

chandrika: