X

ഹജ്ജ് വിസകള്‍ നല്‍കാമെന്ന് വ്യാജേന തട്ടിപ്പ്; ബി.ജെ.പി നേതാവ് കോഴിക്കോട്ടെ ട്രാവല്‍സ് ഉടമകളെ കബളിപ്പിച്ചു

ന്യൂഡല്‍ഹി: ഹജ്ജ് വിസകള്‍ സംഘടിപ്പിച്ചു നല്‍കാമെന്ന വ്യാജേന പണം തട്ടിപ്പ് നടത്തി ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് മലയാളി ട്രാവല്‍സ് ഉടമകളെ കബളിപ്പിച്ചതായി പരാതി. ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജനറല്‍ സെക്രട്ടറി ജംഷീദ് ആലം ആണ് ഹജ്ജ് വിസ നല്‍കാമെന്ന് പറ്റിച്ച് കോഴിക്കോട്ടെ ട്രാവല്‍സ് ഉടമകളില്‍ നിന്ന് പണം തട്ടിയത്.

പത്തു ലക്ഷം രൂപ ഇയാള്‍ പലരില്‍ നിന്ന് തട്ടിയെടുത്തതായാണ് വിവരം. എന്നാല്‍ വിസകള്‍ സംഘടിപ്പിച്ചു നല്‍കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ മൂന്നുലക്ഷം രൂപ നല്‍കി തട്ടിയൂരാന്‍ ശ്രമിച്ച ബിജെപി നേതാവ് ഇപ്പോള്‍ ബാക്കി തുക നല്‍കാതെ മുങ്ങി നടക്കുകയാണ്.

കേന്ദ്രസര്‍ക്കാരില്‍ സ്വാധീനം ചെലുത്തി ഹജ്ജ് വിസകള്‍ സംഘടിപ്പിച്ചു നല്‍കാമെന്നായിരുന്നു ഇയാള്‍ ട്രാവല്‍സ് ഏജന്റുകളെ അറിയിച്ചത്. 50 പേര്‍ക്ക് ഹജ്ജിനു പോകാന്‍ 25 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. പണം കറന്‍സിയായി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ആദ്യഘട്ടമായി 10 ലക്ഷം രൂപയും പാസ്‌പോര്‍ട്ടും ട്രാവല്‍സുകാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ആഗസ്ത് 15 ഓടു കൂടി വിസ സംഘടിപ്പിച്ചു നല്‍കാനാവില്ലെന്ന് അറിയിച്ച് മൂന്നു ലക്ഷം രൂപ തിരിച്ചുനല്‍കി മുങ്ങുകയായിരുന്നുവെന്ന് ട്രാവല്‍സ് ഉടമ വ്യക്തമാക്കി.

ജംഷദ് ആലത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാവല്‍ഏജന്‍സി ഉടമ അറിയിച്ചു. യുവമോര്‍ച്ച മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് ആയിരുന്നു ജംഷീദ് ആലം. 2008ല്‍ സാമ്പത്തിക തട്ടിപ്പിനും ആള്‍മാറാട്ടത്തിനുമായി ഡല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

chandrika: