X
    Categories: indiaNews

ബിജെപി നേതാവ് യുവാവിനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: റേഷന്‍കട അനുവദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി പ്രാദേശിക നേതാവ് നാട്ടുകാരനെ വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. നാട്ടുകാരനെ വെടിവച്ചു കൊന്ന ധിരേന്ദ്ര പ്രതാപ് സിംഗ് ബിജെപി പ്രവര്‍ത്തകനാണെന്ന് പാര്‍ട്ടി എംഎല്‍എ ആയ സുരേന്ദ്ര സിംഗ് സ്ഥിരീകരിച്ചു. റേഷന്‍കട അനുവദിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബല്ലിയ ജില്ലയിലെ റോത്തിയില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടും സര്‍ക്കിള്‍ ഓഫീസറും നോക്കിനില്‍ക്കെ ആയിരുന്നു വെടിവെപ്പ് നടന്നത്.

ബിജെപി വിമുക്തഭടസെല്‍ മുന്‍ സെക്രട്ടറിയായ ധിരേന്ദ്ര പ്രതാപ് സിംഗ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ അടുത്ത സുഹൃത്താണ്. 46 വയസുള്ള ജയപ്രകാശ് പാലിനെയാണ് ഇയാള്‍ വെടിവച്ച് വീഴ്ത്തിയത്. ബിജെപി നേതാവിന്റെ വെടിവെപ്പില്‍ ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ധീരേന്ദ്രയുടെ സഹോദരന്‍ നരേന്ദ്ര പ്രതാപ് സിംഗും ഉള്‍പ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 33 പേര്‍ക്കെതിരെ കേസെടുത്തു. അതേസമയം, ധീരേന്ദ്രയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ദുര്‍ജന്‍പുര്‍, ഹനുമാന്‍ഗഢ് എന്നീ ഗ്രാമങ്ങളില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആയിരുന്നു യോഗം. രണ്ട് വനിതാ സ്വയം സഹായസംഘങ്ങള്‍ ഇതിനായി അപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വോട്ടിങ് നടത്താനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനു പിന്നാലെ കല്ലേറുമുണ്ടായി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: