X
    Categories: Culture

‘2019ലും ഞങ്ങള്‍ അധികാരത്തില്‍ വരും. അപ്പോള്‍ കാണിച്ചു തരാം’ ജസ്റ്റിസ് ലോയ കേസില്‍ തെളിവ് ശേഖരിക്കുന്ന അഭിഭാഷകന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ഭീഷണി

മുംബൈ: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മുന്‍ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കുന്ന അഭിഭാഷകന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ബന്ധുവിന്റെ ഭീഷണി. അഭിഭാഷകനും ആക്ടിവിസ്റ്റുമായ അഭിയാന്‍ ബഡഹാത്തെയെ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായ സഞ്ജയ് ഫഡ്‌നാവിസ് ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു.

സമീപകാലത്തായി ലോയ വിഷയത്തില്‍ ബഡഹാത്തെ വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും 2019-ല്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയ ശേഷം പൊലീസ് പിടിച്ചാല്‍ പരാതിപ്പെടരുതെന്നും അര്‍ധ രാത്രി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അമ്മാവന്റെ മകനും ബി.ജെ.പി നേതാവുമാണ് സഞ്ജയ് ഫഡ്‌നാവിസ്.

ഭീഷണി സംബന്ധിച്ച് ബഡഹാത്തെ നാഗ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വളരെ മോശം ഭാഷയിലാണ് സഞ്ജയ് സംസാരിച്ചതെന്ന് പരാതിയില്‍ പറയുന്നു. 2014-ലെ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനു വേണ്ടി പ്രചരണം നടത്തിയിരുന്ന ആളാണ് സഞ്ജയ്.

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചുള്ള രേകഖല്‍ വിവരാവകാശ നിമയ പ്രകാരം ബഡഹാത്തെ ശേഖരിച്ചതാണ് ബി.ജെ.പി നേതാവിനെ ചൊടിപ്പിച്ചത്.

ബി.ജെ.പി പ്രസിഡണ്ട് അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ദുരൂഹ സാഹചര്യത്തില്‍ ജസ്റ്റിസ് ലോയ മരണപ്പെട്ടത്. ശക്തമായ തെളിവുകളെ തുടര്‍ന്ന് അമിത് ഷായോട് ഹാജരാകാന്‍ ലോയ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും സുഹൃത്തിന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനിടെ ജഡ്ജ് മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിനു ശേഷം വാദം കേട്ട ജഡ്ജ് അമിത് ഷായെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ദി കാരവന്‍ മാഗസിന്‍ ആണ് പുറത്തു കൊണ്ടു വന്നത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയാന്‍ ലോയക്ക് നൂറു കോടി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയിലാണിപ്പോള്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: