X

‘മുസ്‌ലിം നവോത്ഥാന ചരിത്രമുള്ള മണ്ഡലത്തിന്റെ പേരു മാറ്റും’ ബിജെപി എംഎല്‍എയുടെ പ്രഖ്യാപനം വിവാദത്തില്‍

ലക്‌നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായതോടെ വര്‍ഗീയ മുഖം കടുപ്പിച്ച് ബിജെപി. മുസ്‌ലിം നവോത്ഥാന ചരിത്രമുള്ള ദയൂബന്ദിന്റെ പേരുമാറ്റുമെന്നാണ് ഈ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എ ബ്രിജേഷ് സിങ് പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്ഥലമാണ് ദയൂബന്ദ്. എന്നാല്‍ ഇസ്‌ലാമിക ചരിത്രത്തേക്കാള്‍ ഹൈന്ദവ പുരാണങ്ങള്‍ക്ക് ഈ മണ്ണില്‍ പ്രാധാന്യമുണ്ടെന്നും അതിനാല്‍ പേര് ദേവ വ്രിന്ദ് എന്നാക്കുമെന്നാണ് ബ്രിജേഷിന്റെ പ്രഖ്യാപനം. ദയൂബന്ദ് എന്നത് വെറുമൊരു കാഴ്ചപ്പാട് മാത്രമാണെന്നും പട്ടണം ദേവ വ്രിന്ദ് എന്ന പേരിലാണ് പ്രസിദ്ധമെന്നും ബ്രിജേഷ് ചൂണ്ടിക്കാട്ടുന്നു. മഹാഭാരതത്തില്‍ പരാമര്‍ശിച്ചിട്ടുള്ള രണകാന്തി ഇവിടെയാണുള്ളത്. പഞ്ചപാണ്ഡവരെ ഈ പ്രദേശത്ത് ആരാധിക്കുന്നുമുണ്ട്. ജാര്‍വാല എന്ന ഗ്രാമത്തിന്റെ പേര് യക്ഷാവാല എന്നാണെന്നും ഇത് പിന്നീട് ദേവ് വ്രിന്ദ് എന്ന പേരില്‍ പ്രസിദ്ധപ്പെടുകയുമായിരുന്നുവെന്ന് ബ്രിജേഷ് സിങ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലൊന്നായ ദയൂബന്ദില്‍ ബി.ജെ.പി വിജയിച്ചത് ഏറെ അമ്പരപ്പുണ്ടാക്കിയിരുന്നു. 65 ശതമാനത്തോളമാണ് ഇവിടെ മുസ്ലിം ജനസംഖ്യ. ഇവിടം കേന്ദ്രീകരിച്ചാണ് മുസ്‌ലിം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ദാറുല്‍ ഉലൂം ദെയൂബന്ദ് എന്ന ഇസ്‌ലാമിക് സ്‌കൂളിനെ കേന്ദ്രീകരിച്ചാണ് ഈ മുന്നേറ്റം രൂപം കൊണ്ടത്. വടക്കന്‍ യുപിയില്‍ സഹാറന്‍പൂര്‍ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലൊന്നാണ് ദയൂബന്ദ്. 2002 മുതല്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയുമാണ് ദയൂബന്ദില്‍ വിജയിച്ചത്. 1951 മുതല്‍ കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായിരുന്നു ദയൂബന്ദ്.

chandrika: