X

ബി.ജെ.പി വണ്‍മാന്‍ ഷോയോ ടു മാന്‍ ആര്‍മിയോ ആകരുത്: ശത്രുഘ്‌നന്‍ സിന്‍ഹ

SINപട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശിയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. പാര്‍ട്ടി വണ്‍മാന്‍ ഷോയില്‍ നിന്നും ടു മാന്‍ ആര്‍മിയില്‍ നിന്നും മുക്തമായാല്‍ മാത്രമേ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരൂ എന്ന് സിന്‍ഹ പറഞ്ഞു. കര്‍ഷകരും വ്യാപാരികളും യുവാക്കളും പാര്‍ട്ടിയുടെ നിലവിലെ നയങ്ങളില്‍ അതൃപ്തിയുള്ളവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിന്‍ഹ.

ഇവര്‍ക്കിടയില്‍ അസംതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് എന്ന് തനിക്ക് തോന്നുന്നു. നമ്മള്‍ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കണം. പ്രതിപക്ഷത്തെ ലഘുവായി സമീപിക്കുന്നത് അവസാനിപ്പിക്കുകയും വേണം. ഉപേക്ഷിക്കാനല്ല താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹത്തോടെയായിരിക്കണം പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ സിന്‍ഹ പറഞ്ഞു.

അദ്വാനി, മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചെയ്ത കുറ്റമെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. എന്തു കൊണ്ടാണ് അവര്‍ അരികുവല്‍ക്കരിക്കപ്പെട്ടത്. നമ്മള്‍ ഒരു കുടുംബം പോലെയാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അനുരഞ്ജനത്തിനായി എന്തു കൊണ്ട് ശ്രമങ്ങളുണ്ടാകുന്നില്ല- അദ്ദേഹം ചോദിച്ചു.
മോദിയുടെയും ഷായുടെയും വരവിന് ശേഷം പാര്‍ട്ടിയുടെ പുറമ്പോക്കിലാണ് അദ്വാനിയുടെയും ജോഷിയുടെയും സ്ഥാനം. യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും മോദിയുടെ സാമ്പത്തിക നയങ്ങളെ ഈയിടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

നോട്ടുനിരോധനത്തെയും ജി.എസ്.ടി നടപ്പാക്കിയ രീതിയെയും സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചു. കള്ളപ്പണം ഇല്ലാതാക്കാനാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവിക്കിയത്. എന്നാല്‍ അതിനായില്ല. ജി.എസ്.ടി സങ്കീര്‍ണമായ നികുതി സംവിധാനമാണ് കൊണ്ടുവന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുന്ന വേളയില്‍ രാജ്യത്ത് ഇന്ധന വില കുതിക്കുകയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുജറാത്തില്‍ പട്ടേല്‍ സമരനേതാവ് ഹര്‍ദിക് പട്ടേലിനെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരാന്‍ ആയില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ആശയപരമായ ബി.ജെ.പിയോട് അടുത്തു നില്‍ക്കുന്നയാളായിരുന്നു ഹര്‍ദിക്. നന്നായി കൈകാര്യം ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തെ കൂടെ നിര്‍ത്താനാകുമായിരുന്നു- അദ്ദേഹം പറഞ്ഞു. എം.എല്‍.എമാര്‍ക്കും ന്യായാധിപന്മാര്‍ക്കുമെതിരെയുള്ള വാര്‍ത്തകള്‍ക്കു മേല്‍ സെന്‍സറിങ് ഏര്‍പ്പെടുത്തിയ രാജസ്ഥാന്‍ സര്‍ക്കാറിന്റെ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.

chandrika: