X

എന്‍.ഡി.എ-ടി.ഡി.പി വിള്ളല്‍; ദിവസങ്ങള്‍ക്കിടെ കേന്ദ്രം ആന്ധ്രപ്രദേശിന് നല്‍കിയത് 1269 കോടി

അമരാവതി: കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയും ആന്ധ്രപ്രദേശ് ഭരണകക്ഷിയായ ടിഡിപിയും തമ്മില്‍ ഭിന്നതക്ക് തടയിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രപ്രദേശിന് വന്‍തുക അനുവദിച്ചു. ബജറ്റിന് പിന്നാലെ ടിഡിപി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്നണി ബന്ധം ഉലഞ്ഞതോടെയാണ് വിവിധ പദ്ധതികള്‍ക്കുള്ള തുക കേന്ദ്രം പ്രഖ്യാപിച്ചത്. 1269 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളിലായി ആന്ധ്രക്ക് അനുവദിച്ചത്.
പോളാവരം മള്‍ട്ടിപര്‍പ്പസ് പദ്ധതിക്കായി 417.44 കോടിയും അനുവദിച്ച തുകയില്‍പെടുന്നു. ഈ പദ്ധതിക്കായി സംസ്ഥാനം 2014ന് ശേഷം ചെലവഴിച്ച 417.44 കോടിയിലേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ദേശീയ പദ്ധതിയായ പോളാവരത്തിന് 7,200 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 3,217.63 കോടി രൂപ അനുവദിക്കണമെന്നു ആന്ധ്രപ്രദേശ് ധനകാര്യമന്ത്രി യാനാമാല രാമകൃഷ്ണനുദു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയോട് ആവശ്യപ്പെട്ടിരുന്നു.
ഗ്രാമീണ മേഖലക്കായി 253.74 കോടി രൂപയും കേന്ദ്രം നല്‍കി. ഈ സാമ്പത്തിക വര്‍ഷം അനുവദിക്കുന്ന രണ്ടാമത്തെ ഗഡുവാണിത്. അംഗന്‍വാടികള്‍ക്കും കുട്ടികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്നതിനുമായി 196. 92 കോടിയും മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കായി 31.76 കോടിയും അനുവദിച്ചിട്ടുണ്ട്. കേന്ദ്രബജറ്റില്‍ ആന്ധ്രപ്രദേശിന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് സംസ്ഥാനത്തു നിന്നുള്ള എംപിമാര്‍ ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ പാര്‍ലമെന്റില്‍ പ്രതിഷേധവും നടത്തിയിരുന്നു.

chandrika: