X
    Categories: indiaNews

‘അവധി ദിവസമായതിനാല്‍ വോട്ടര്‍മാരെല്ലാം ട്രിപ്പിന് പോയി’; ഹരിയാനയിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ വിശദീകരണവുമായി ബിജെപി

ഹരിയാന: ഹരിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം വിശദീകരിച്ച് ബിജെപി. തെരഞ്ഞെടുപ്പ് നടന്ന ദിവസം അവധിദിനമായതിനാലാണ് തങ്ങള്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നതെന്നാണ് ഹരിയാന ബിജെപി വക്താവ് സഞ്ജയ് ശര്‍മ്മ പറഞ്ഞത്.

‘ഡിസംബര്‍ 25,26,27 ഇതെല്ലാം അവധി ദിനങ്ങളാണ്. അതുപോലെ തന്നെ നിരവധി അവധിദിനങ്ങളും ഡിസംബറിലാണ്. ജനങ്ങള്‍ സാധാരണ കുടുംബത്തോടെ യാത്ര പോകുന്ന മാസം കൂടിയാണിത്. നിര്‍ഭാഗ്യവശാല്‍ അവധിയാഘോഷിക്കാന്‍ ഞങ്ങളുടെ വോട്ടര്‍മാരില്‍ ഭൂരിഭാഗം പേരും പോയതാണ് പാര്‍ട്ടിയ്ക്ക് കനത്ത നഷ്ടമുണ്ടാക്കിയത്’, സഞ്ജയ് ശര്‍മ്മ പറഞ്ഞു.

കര്‍ഷക സമരം ശക്തമായ സാഹചര്യത്തിലാണ് ഹരിയാനയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിന് വന്‍ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ആറിടത്ത് മത്സരിച്ച സഖ്യം നാലിടത്തും കനത്ത പരാജയമേറ്റുവാങ്ങി.

ഡല്‍ഹിയില്‍ ഒരു മാസത്തിലേറെയായി പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന അതേസമയത്താണ് ബിജെപിക്ക് ഹരിയാനയില്‍ തിരിച്ചടി നേരിടുന്നത്.

ബിജെപിക്കും ജെ.ജെ.പിക്കും രണ്ട് സീറ്റുകള്‍ വീതമാണ് നഷ്ടമായത്. സോണിപത്, അംബാല മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ മേയര്‍ സ്ഥാനമാണ് ബിജെപിക്ക് നഷ്ടമായത്

അംബാല, പഞ്ചകുള, സോണിപത്, ദാരുഹരെ, സാംപ്ല, ഉകലാന എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബുധനാഴ്ചയാണ് ഫലം വന്നത്.

 

web desk 3: