X

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ വി.വി രാജേഷിനെതിരെ നടപടി; ചുമതലയില്‍ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: മെഡിക്കല്‍ കോഴ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി രാജേഷിനെതിരെ പാര്‍ട്ടി നടപടി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാജേഷിനെ കൂടാതെ യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണയ്ക്കെതിരെയും പാര്‍ട്ടി നടപടിയുണ്ട്. വ്യാജ രസീതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. മെഡിക്കല്‍ കോഴ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ സംസ്ഥാന ബി.ജെ.പിയെ ക്ഷീണിപ്പിച്ച സാഹചര്യത്തില്‍ മുഖം രക്ഷിക്കാനാണ് ഈ നടപടികളെന്നാണ് ലഭിക്കുന്ന സൂചനകള്‍.

സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭിക്കുന്നതിനുവേണ്ടി മെഡിക്കല്‍ കോളേജ് ഉടമയില്‍നിന്ന് 6.5 കോടിരൂപ കോഴവാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിനെ പുറത്താക്കിയിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിന്റെ പേരിലാണ് നേതാക്കള്‍ക്കെതിരായ നടപടി.

 

chandrika: