X

തിങ്ങിനിറഞ്ഞിട്ടും കാണികള്‍ കുറവെന്ന്! ഇന്നലെ കണക്ക് പിഴച്ചോ? 

കൊച്ചി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തില്‍ കാണികള്‍ ഇരമ്പിയെത്തിയപ്പോള്‍ ഔദ്യോഗിക കണക്ക് പ്രകാരം രേഖപ്പെടുത്തിയത് 53,767 പേര്‍. അതായത് കൊച്ചിയില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലെ ആരാധകരെക്കാള്‍ കുറവും. ഇന്നലെ സ്റ്റേഡിയത്തില്‍ കാലുകുത്താന്‍ സ്ഥലമില്ലായിരുന്നുവെന്നാണ് കാണികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ടെലിവിഷനുകളിലും ഇക്കാര്യം വ്യക്തമാവും.

ഇന്നലെ കാണികളുടെ എണ്ണം സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ കണ്ട് നിന്നവര്‍ അമ്പരുന്നു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിട്ടും അമ്പത്തിമൂവായിരം പേരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂവലോടെയാണ് കാണിള്‍ ഇതിനെ നേരിട്ടത്. കണക്ക് എടുത്തതില്‍ പിഴച്ചോ അതോ മറ്റു വല്ല തിരിമറിയും നടന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അറുപതിനായിരത്തില്‍ പരം കാണികളെ ഉള്‍ക്കൊള്ളാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനാവും.

ബ്ലാസ്റ്റേഴ്സിന്റെ പ്രാഥമിക റൗണ്ടിലെ നിര്‍ണ്ണായക അവസാന കളിയും ഞായറാഴ്ച്ചയും ഒരുമിച്ചെത്തിയതാണ് കാണികളെ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. ഗ്യാലറികള്‍ നിറഞ്ഞ് സ്റ്റേഡിയം അടച്ചത് മൂലം നൂറുകണക്കിന് ആളുകളാണ് കളികാണനാകാതെ മടങ്ങിയത്. എന്നിട്ടും ഔദ്യോഗിക കണക്കനുസരിച്ച് കാണികളുടെ എണ്ണം ആദ്യ രണ്ട് കളികളേക്കാള്‍ പിന്നിലായതെങ്ങനെയെന്ന സംശയം ഇപ്പോഴും അവശേഷിക്കുന്നു.

ഐ.എസ്.എല്ലിലെ തന്നെ റെക്കോര്‍ഡ് കാണികളാണ് കൊച്ചിയില്‍ രേഖപ്പെടുത്താറ്. പല മത്സരങ്ങളും ഒഴിഞ്ഞ കാണികളെ സാക്ഷിയാക്കി നടക്കുമ്പോള്‍ കൊച്ചിയിലെ മത്സരങ്ങള്‍ അധികാരികളെ നിരാശപ്പെടുത്താറില്ല. നാല്‍പതിനായിരത്തില്‍ പരം കാണികള്‍ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്താറുണ്ട്. ഈയൊരു ആവേശം കണ്ടാണ് ഈ സീസണിലെ ഫൈനലിന് കൊച്ചി വേദിയാകുന്നത്. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടുമോ എന്നാണ് അറിയേണ്ടത്.


ALSO READ: ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ നന്ദി പറയുന്നത് കളിക്കാരോടല്ല…


chandrika: