X

VIDEO | വീറും വാശിയും മത്സരത്തിലുടനീളം; ആഞ്ഞടിച്ച് ജയം പിടിച്ച് ബ്ലാസ്റ്റേഴ്‌സ്‌

ആവേശം ആദ്യാന്തം മുറ്റിനിന്ന സംഭവബഹുലമായ മത്സരത്തില്‍ എഫ്.സി ഗോവയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ടെണ്ണം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജയം പിടിച്ചെടുത്തത്.

മത്സരത്തിലെ മുഹൂര്‍ത്തങ്ങള്‍ കാണാം.

ഒമ്പതാം മിനുട്ടില്‍ ഫ്രീകിക്കിനെ തുടര്‍ന്ന് റാഫേല്‍ കൊയ്‌ലോ ആണ് ഗോവയുടെ ഗോള്‍ നേടിയത്. ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഹെഡ്ഡര്‍ ബ്ലാസ്‌റ്റേഴ്‌സ് കീപ്പറുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍.


സമനില കണ്ടെത്താന്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണാവസരം ലഭിച്ചു. റഫീക്കിന്റെ ക്രോസില്‍ നിന്നുള്ള ബെല്‍ഫോര്‍ട്ടിന്റെ ഹെഡ്ഡര്‍ പക്ഷേ, പോസ്റ്റിനെ തൊട്ടുരുമ്മിയെന്നവണ്ണം പുറത്തേക്ക്.

ഇടവേള കഴിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്‌സ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അനുകൂല പെനാല്‍ട്ടി സമ്പാദിച്ചു. ബോക്‌സില്‍ നിന്ന് ബെല്‍ഫോര്‍ട്ട് നല്‍കിയ പാസ് റഫീക്ക് ഗോളിലേക്ക് പായിച്ചപ്പോള്‍ ഗോവ ഡിഫന്റര്‍ ഗ്രിഗറി പന്ത് കൈകൊണ്ട് തൊട്ടു. ഗോളിയില്ലാത്ത പോസ്റ്റിലേക്കുള്ള പന്ത് ഹാന്‍ഡില്‍ ചെയ്തതിന് ഗ്രിഗറിക്ക് ചുവപ്പുകാര്‍ഡ്.


പെനാല്‍ട്ടി കിക്കെടുത്ത ബെല്‍ഫോര്‍ട്ട് ഗോള്‍കീപ്പര്‍ കട്ടിമണിയെ തെറ്റായ ദിശയിലേക്ക് ഡൈവ് ചെയ്യിച്ച് വലകുലുക്കി.

81-ാം മിനുട്ടില്‍ ഗോവയുടെ റിച്ചാര്‍ലിസന് രണ്ടാം മഞ്ഞക്കാര്‍ഡ്. ഇതോടെ ഗോവക്കാര്‍ ഒമ്പത് പേരായി ചുരുങ്ങി.

ബ്ലാസ്റ്റേഴ്‌സിന്റെ കൊടുങ്കാറ്റ് പോലുള്ള ആക്രമണങ്ങളില്‍ ഗോവ ഗോള്‍മുഖം വിറച്ചെങ്കിലും കട്ടിമണിയുടെ തകര്‍പ്പന്‍ സേവുകള്‍ ഗോള്‍ നിഷേധിച്ചു. പക്ഷേ, 9 മിനുട്ട് നീണ്ട ഇഞ്ചുറി ടൈമില്‍ ആ പ്രതിരോധവും തകര്‍ന്നു. 99-ാം മിനുട്ടില്‍ ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഹെങ്ബര്‍ട്ട് ഹെഡ്ഡ് ചെയ്ത പന്ത് സി.കെ വിനീത് ക്ലോസ് റേഞ്ചില്‍ നിന്ന് ഗോളിലേക്ക് തട്ടി.

chandrika: