X
    Categories: MoreViews

പുതിയ നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ നല്‍കിത്തുടങ്ങുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചു.

രാജ്യത്ത് കള്ളനോട്ടുകളുടെ വിതരണം വലിയ തോതില്‍ നടക്കുന്നുണ്ടെന്നും ഇത് ഭീകരവാദ പ്രവര്‍ത്തനത്തിന് വരെ ഉപയോഗിക്കുന്നുണ്ടെന്നും സര്‍ക്കാരിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര നടപടിയെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം മാധ്യമളോട് സംസാരിക്കുകയുമായിരുന്നു അദ്ദേഹം.

2000, 500 രൂപയുടെ പുതിയ നോട്ടുകള്‍ രാജ്യത്ത് മറ്റെന്നാള്‍ മുതല്‍ വിതരണത്തിനെത്തുക. ഇതില്‍ പുതിയ 500 രൂപ ചെങ്കോട്ടയുടെ ചിത്രമുള്ളതും 2000 രൂപ മംഗള്‍യാന്റെ ചിത്രമുള്ളതുമായിരിക്കും. എന്നാല്‍ 1000 രൂപയുടെ പുതിയ നോട്ടുകളെ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

കൈവശമുള്ള നോട്ടുകള്‍ നവംബര്‍ 8 മുതല്‍ 58 ദിനസത്തിനകം മാറ്റി വാങ്ങാം. ബാങ്കുകള്‍ക്ക് പുറമെ പോസ്റ്റോഫീസുകളിലും ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം. എന്നാല്‍ ആഴ്ചയില്‍ 20,000 രൂപ മാത്രമാവും മാറ്റിയെടുക്കാനാവുക.

കൂടാതെ പെട്രോള്‍ പമ്പുകളും, പബ്ലിക് ബസുകള്‍, ആശുപത്രികള്‍, റെയില്‍വേ കൗണ്ടറുകള്‍, റീടെയ്ല്‍ ഔട്ട്ലെറ്റുകള്‍ എന്നിവിടങ്ങളില്‍ അടുത്ത് 72 മണിക്കൂര്‍ (നവംബര്‍ 11 അര്‍ധരാത്രി വരെ) നേരത്തേക്ക് 500ന്റെയും, 1000ന്റെയും നോട്ടുകള്‍ സ്വീകരിക്കും. നിലവില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ തീരുമാനം.

എന്നാല്‍ നാളെ ബാങ്ക് അവധിയാണ്. കൂടാതെ എ.ടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുമില്ല. കൂടാതെ എടിഎം വഴി ഒരു ദിവസം 2000 രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. കുറച്ചു ദിവസത്തേക്കാണ് ഈ നിയന്ത്രണം വരുന്നത്. തുടര്‍ന്ന 4000 രൂപ വരെ പിന്‍വലിക്കാന്‍ സാധിക്കും.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. ഉയര്‍ന്ന മൂല്യത്തിലുള്ള നോട്ടുകളുടെ വിതരണം നിയന്ത്രിക്കുക എന്നതാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ധനകാര്യമന്ത്രാലയം ടോള്‍ ഫ്രീ നമ്പറും തുറന്നിട്ടുണ്ട്. 022 22602201, 22602944 എന്നതാണ് ആര്‍.ബി.ഐ യുടെ ടോള്‍ ഫ്രീ നമ്പര്‍. 011 23093230 എന്ന നമ്പര്‍ ന്യൂഡല്‍ഹിയിലും തുറക്കും. നാളെ മുതല്‍ പത്ത് ദിവസം 24 മണിക്കൂറും കണ്‍ട്രോള്‍ റൂം നമ്പര്‍ പ്രവര്‍ത്തിക്കും.

chandrika: