X

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

webdesk14: