X

ബ്ലൂവെയില്‍ എന്ന മരണക്കളി, മാധ്യമങ്ങള്‍ പൊലിപ്പിച്ചെടുത്ത നുണക്കഥ

ജദീര്‍ നന്തി

ബ്ലൂവെയില്‍ എന്ന മരണക്കളിയാണല്ലോ സോഷ്യല്‍ മീഡിയയിലും പുറത്തും ഇപ്പോള്‍ ചര്‍ച്ച. ഓണ്‍ലൈന്‍ മീഡിയ തള്ളിത്തുടങ്ങിയ ബ്ലൂവെയില്‍ കഥ പത്രങ്ങളും ചാനലുകളും ഏറ്റെടുത്തതോടെ കാര്യമായി തന്നെ ഭീതി പടര്‍ത്തി. ടെക് വിദഗ്ദരും മന:ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളയാളുകള്‍ ചര്‍ച്ച നടത്തി. എന്നാല്‍ ഇങ്ങനെ ഒരു ഗെയിമിന്റെ നിലനില്‍പ്പ് ഇപ്പോഴും ചോദ്യചിഹ്നമാണ്. വാര്‍ത്തകള്‍ക്കും കഥകള്‍ക്കും അപ്പുറം ഇങ്ങനെ ഒരു കളി ഉള്ളതായി യാതൊരു തെളിവും ആരുടെ പക്കലുമില്ല.

2017 ഫെബ്രുവരിയോടെയാണ് കൊലയാളി ഗെയിമിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഡൈലി മെയില്‍ പോലുള്ള ഇംഗ്ലിഷ് പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. റഷ്യയില്‍ 130 കൗമാരക്കാരുടെ ജീവനെടുത്ത കളി എന്നാണ് അന്ന് പത്രങ്ങള്‍ കളിയെ വിശേഷിപ്പിച്ചത്. തീരത്തടിഞ്ഞ് ചാവുന്ന തിമിംഗലങ്ങളെ എന്നപോലെ ആ ആത്മഹത്യ കളിക്ക് ബ്ലൂവെയില്‍ എന്ന് പേര് വന്നു.
50 ദിവസം നീണ്ടു നില്‍ക്കുന്ന ചാലഞ്ച് ആണ് കളി. ഓരോ ദിവസവും ഗെയിം ക്യൂറേറ്റര്‍ നല്‍കുന്ന വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ ചെയ്ത് അമ്പതാം ദിവസം ആത്മഹത്യ ചെയ്യുന്നതാണ് കളി.

എന്നാല്‍ ഇംഗ്ലീഷില്‍ വന്ന വാര്‍ത്തകളൊക്കെ 2016ല്‍ നോവയ ഗസറ്റ  എന്ന റഷ്യന്‍ സൈറ്റില്‍ വന്ന റിപ്പോര്‍ട്ട് ഇംഗ്ലീഷ് പത്രങ്ങള്‍ പൊലിപ്പിച്ച് എഴുതുകയായിരുന്നു. ആറു മാസത്തിനിടെ ആത്മഹത്യ ചെയ്ത നൂറ് കണക്കിന് റഷ്യന്‍ കൗമാരക്കാരില്‍ പലരും വി.കെ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു എന്നായിരുന്നു നൊവയാ റിപ്പോര്‍ട്ട്. എന്നാല്‍ റേഡിയോ ഫ്രീ യൂറോപ്പ്  നടത്തിയ പഠനത്തില്‍ അത്തരത്തില്‍ ഒരു ബന്ധവും കണ്ടെത്താന്‍ സാധിച്ചില്ലെന്നു വ്യക്തമാക്കുന്നു. സോഷ്യല്‍മീഡിയ ഗ്രൂപ്പ് ആത്മഹത്യക്ക് വഴി വെച്ചതല്ലെന്നും ആത്മഹത്യ പ്രവണതയുള്ളവര്‍ അത്തരം ഗ്രൂപ്പ് തിരഞ്ഞ് പോവുന്നതാണെന്നും അക്കാലത്ത് തന്നെ മെഡ്യുസ വാദിച്ചിരുന്നു.

ബ്ലൂവെയില്‍ ഗെയിം ആത്മഹത്യകളുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും റഷ്യയില്‍ ഇത്തരം നിരവധി ഗ്രൂപ്പുകള്‍ യഥാര്‍ഥത്തില്‍ ഉണ്ടായിരുന്നു. എല്ലാകാര്യത്തിനും ഉള്ള ഗ്രൂപ്പ് എന്ന പോലെ ഡിപ്രസഡ് ആയ കുറച്ച് പേര്‍ ചേര്‍ന്ന് ആത്മഹത്യക്കും ഒരു ഗ്രൂപ്പ് എന്ന നിലയില്‍ തുടങ്ങിയതും ശ്രദ്ധ കിട്ടാന്‍ വണ്ടി തുടങ്ങിയവയും ഒക്കെ അതില്‍ പെടും. എന്നാല്‍ ആത്മഹത്യ ഗ്രൂപ്പുകള്‍ ഒരു തരംഗമായി മാറുന്നത് റിന പാലങ്കോവ എന്ന പെണ്‍കുട്ടിയുടെ മരണത്തോടെയാണ്. ‘സീ ഓഫ് വെയില്‍’ എന്ന ഗ്രൂപ്പ് റിനയുടെ ആത്മഹത്യ ഏറ്റെടുക്കുകയും റിന തങ്ങളുടെ ഗ്രൂപ്പില്‍ അംഗമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആളുകളെ ആത്മഹത്യ ചെയ്യിക്കുക എന്നത് തങ്ങളുടെ ഉദ്ദേശമായിരുന്നില്ലെന്നും തങ്ങളുടെ ഗ്രൂപ്പ് വഴി വെബ്‌സൈറ്റിലേക്ക് ആളെ എത്തിക്കുകയും അതു വഴിയുള്ള പരസ്യ വരുമാനവുമാണ് ലക്ഷ്യമെന്ന് സീ ഓഫ് വെയില്‍ സ്ഥാപകന്‍ മൂര്‍ കിറ്റോ പിന്നീട് സമ്മതിക്കുകയുണ്ടായി.

ആ സമയത്ത് തന്നെ F57 എന്ന ഒരു ഗ്രൂപ്പും റിനയുടെ മരണം ഏറ്റെടുത്തിരുന്നു. ഇന്‍സൈഡര്‍ എന്ന പേരില്‍ 2012 ല്‍ പുറത്തിറങ്ങിയ ഒരു വീഡിയോ പൊടി തട്ടിയെടുത്ത് പ്രചരിപ്പിച്ച് കൂട്ട ആത്മഹത്യക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. അതിനിടെ ബുഡൈകിന്‍ അറസ്റ്റിലുമാവുന്നു. F57 എന്നത് ഏതോ നിഗൂഡ കോഡ് ആണെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ ഫിലിപ് എന്ന തന്റെ പേരിന്റെ ആദ്യ അക്ഷരവും ഫോണ്‍നമ്പറിന്റെ അവസാന രണ്ടക്കവും ചേര്‍ത്തുണ്ടാക്കിയ ഒരു തട്ടിക്കൂട്ട് പേര് മാത്രമാണതെന്ന് ബുഡൈക്ക് വ്യക്തമാക്കിയിരുന്നു . 17 മരണങ്ങള്‍ക്ക് താന്‍ ഉത്തരവാദിയാണെന്ന് ബുഡൈക്ക് പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ തെളിവില്ല. ഇവിടം കൊണ്ട് തീര്‍ന്ന കഥയാണ് പിന്നീടുള്ള ഓണ്‍ലൈന്‍ തള്ളലുകള്‍ക്ക് പാത്രമാവുന്നത്.

2017 മേയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ ബ്ലൂവെയില്‍ സ്ഥാപകന്‍ ഫിലിപ് ബുഡൈകിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയുമായെത്തി. എന്നാല്‍ ആ വാര്‍ത്തയും 2016ല്‍ റഷ്യന്‍ വാര്‍ത്ത സൈറ്റുകളില്‍ വന്നതായിരുന്നു. 2016 മെയില്‍ നടന്ന് 2017ല്‍ ഇംഗ്ലീഷ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ട് വന്നാണ് കഴിഞ്ഞ മാസങ്ങളില്‍ മലയാളം വാര്‍ത്താ സൈറ്റുകള്‍ പൊലിപ്പിച്ചത്. ഫിലിപ് ബുഡൈകിന്‍ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്യപ്പെട്ടു എന്ന രീതിയിലാണ് പല മലയാളം സൈറ്റുകളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബ്ലൂവെയില്‍ എന്ന പേരില്‍ റഷ്യയില്‍ ഒരു ആത്മഹത്യ ഗ്രൂപ്പ് ഉണ്ടായിരുന്നു. അതിന്റെ സ്ഥാപകന്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അതിന് ശേഷം ഇതു വരെ അത്തരം ഒരു ഗെയിമിലേക്കുള്ള തെളിവുകള്‍ ഒന്നു ലഭ്യമായിട്ടില്ല. അത്മഹത്യ പ്രവണതയുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ ഗ്രൂപ്പുകള്‍ പണ്ടു മുതലേ ഉള്ളതാണ്. എന്നാല്‍ കഥകളില്‍ പറയുന്നത് പോലെ ഭീഷണിപ്പെടുത്തിയും ടാസ്‌കുള്‍ നല്‍കിയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗ്രൂപ്പുകള്‍ക്ക് തെളിവുകള്‍ ഇല്ല. ആകെയുള്ളത് ഇംഗ്ലീഷ് സൈറ്റുകളില്‍ നിന്ന് കാലമറിയാതെ മാറ്റി എഴുതിയ കുറച്ച് വാര്‍ത്തകളാണ്. മാധ്യമങ്ങള്‍ പറഞ്ഞത്’ആത്മഹത്യ ഗെയിം’ കേരളത്തില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് 2000 പേര്‍; ജാഗ്രത നിര്‍ദ്ദേശവുമായി പോലീസ്.

കഥകളിലെ ബ്ലൂ വെയില്‍ മറ്റ് ഗെയിമുകളെ പോലെ പ്ലേസ്റ്റോറില്‍ നിന്നോ ലിങ്ക് ഉപയോഗിച്ച് മറ്റ് സൈറ്റുകളില്‍ നിന്നോ ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഒരു ഗെയിം ആപ്പ് അല്ല. സോഷ്യല്‍ മീഡിയയിലെ(വി.കെ എന്ന റഷ്യന്‍ ഗ്രൂപ്പിലാണ് ബുഡേകിന്റെ ഗ്രൂപ്പ് ഉണ്ടായിരുന്നത്) ഗ്രൂപ്പുകളിലൂടെയായിരുന്നു ബ്ലൂവെയില്‍ ചാലഞ്ച് നടന്നിരുന്നത്. എന്നിരിക്കെ 2000 ഡൗണ്‍ലോഡുകള്‍ എന്ന് പറയുന്നത് തന്നെ തള്ളാണ്. മാത്രമല്ല, എവിടുന്നാണ് ഈ കണക്ക് അവര്‍ക്ക് കിട്ടിയത്. ആരാണ് ഈ കണക്കെടുത്തത്. (ബ്ലൂ വെയിലിന്റെ പേരില്‍ പരസ്യം ലക്ഷ്യമിട്ട് ആരോ എ.പി.കെ സ്റ്റോര്‍ പോലുള്ള സൈറ്റില്‍ അപ്ലോഡ് ചെയ്ത ആപ്പിന്റെ കണക്കെടുത്ത് ന്യൂസ് ആക്കിയതാവാനാണ് സാധ്യത).

ഫോണ്‍ ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തും, അത് വച്ച് ഭീഷണിപ്പെടുത്തും clickകളിക്കിടെ പിന്മാറിക്കൂടെ എന്ന ചോദ്യം ഭയന്നിട്ടാവണം ഇങ്ങനെ ഒരു തള്ള് കൂടെ വാര്‍ത്തകളില്‍ ചേര്‍ത്തത്. സ്വന്തം ജീവനക്കേള്‍ വിലയുള്ള എന്ത് സ്വകാര്യ വിവരങ്ങളാണ് ഒരു കൗമാരക്കാരന്റെ ഫോണിലുണ്ടാവുക. ഇനി വാദത്തിന് ഒരു പത്ത് ശതമാനത്തിന് അങ്ങനെ ഒരു സ്വകാര്യത ഉണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ ബാക്കി 90 ശതമാനം എവിടെ? ഇനി കേരളത്തിലെ 99 ശതമാനം കൗമാരക്കാരും വല്യ സ്വകാര്യതയുള്ളവന്മാരാണെന്ന അതിഭീകര സമ്മതിക്കല്‍ സമ്മതിച്ച് തന്നാലും ഹാര്‍പ്പിക്കിന്റെ പരസ്യത്തില്‍ കാണുന്ന പോലെ ബാക്കി 1 ശതമാനം(20 പേര്‍) എവിടെ?

മനശാസ്ത്രജ്ഞനാവാന്‍ പഠിച്ച് പാതി വഴിയില്‍ നിര്‍ത്തിയവനാണ് ഗെയിം ഉണ്ടാക്കിയതെന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇത്രയും പേരുടെ മനസ് ഓണ്‍ലൈനിലുടെയുള്ള സംഭാഷണങ്ങളിലൂടെ മാത്രം പഠിച്ച് അവരെ ആത്മഹത്യവരെ കൊണ്ടെത്തിക്കാന്‍ അയാള്‍ ഒരു കോള്‍ സെന്റര്‍ സെറ്റപ്പ് തന്നെ തുടങ്ങേണ്ടി വരുമല്ലോ. ഇത്രയും വ്യത്യസ്ത മനസുകളെ ഒക്കെ ഒരേ പോലെ സ്വാധീനിക്കാന്‍ പറ്റുമെങ്കില്‍ അയാള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയോ മറ്റോ ചെയ്യാമായിരുന്നു. ലോകത്തെ മികച്ച മാനസിക വിദഗ്ദനാണ് അയാളെന്ന് സമ്മതിച്ചാലും ഇത്രയും ഫോണ്‍ ഹാക്ക് ചെയ്യുന്ന അയാള്‍ എത്രത്തോളം ടെക് വിദഗ്ദനും ആയിരിക്കും? വിവിധ ഓ.എസിന്റെ വിവിധ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ടെക്ക് വിദഗ്ദന്‍ അയാളായിരിക്കാനാണ് സാധ്യത. സുരേഷ് ഗോപി സിനിമകളിലെ പോലെ ഒറ്റ ബട്ടണില്‍ ചെയ്യാന്‍ പറ്റുന്ന എന്തോ കാര്യമാണ് ഹാക്കിംഗ് എന്ന ധാരണ മനസിലുള്ളത് കൊണ്ടാണ് ഇതൊക്കെ എഴുതി വിടാനും വായിച്ച് വിശ്വസിക്കാനും കഴിയുന്നത്.

2000 ത്തോളം പേര്‍ കേരളത്തില്‍ കളിച്ചിട്ടും, ഒരൊറ്റ സ്‌ക്രീന്‍ഷോട്ട് പോലും പുറത്ത് വരാത്തത് അത്യത്ഭുതമാണ്. ഇത്രയും സെന്‍സേഷന്‍ ആയ ഒരു വിഷയത്തിന്റെ സ്‌ക്രീന്‍ഷോട്ട് കളിക്കുന്നവരില്‍ ആരും പുറത്ത് വിട്ടില്ല എന്ന് പറയുന്നത് അസംഭാവ്യമാണ്.
ഏറെ രസകരമായ സംഭവം സ്‌ക്രീന്‍ഷോട്ട് ഒന്നും ലഭ്യമല്ലെങ്കിലും ബ്ലൂവെയില്‍ ചര്‍ച്ചകള്‍ക്കും ഓണ്‍ലൈന്‍ സ്റ്റോറികള്‍ക്കും ഇടയില്‍ കളിയുടെ ഒരു വീഡിയോ പ്ലേ ചെയ്യുന്നുണ്ട്. മനോരമ ന്യൂസും മാതൃഭൂമിയും റിപീറ്റ് ആയി ബ്ലൂവെയില്‍ എന്ന പേരില്‍ പ്ലേ ചെയ്ത് കൊണ്ടിരുന്ന വീഡിയോ സ്റ്റാര്‍ സ്റ്റാബില്‍ എന്ന അത്രയൊന്നും പോപ്പുലര്‍ അല്ലാത്ത ഒരു ഓണ്‍ലൈന്‍ ഗെയിം ആണ്(അന്ന് വരെ വീട്ടുകാരുടെ മുന്നില്‍ നിന്ന് സ്റ്റാര്‍ സ്റ്റാബിള്‍ ഗെയിം കളിച്ച കുട്ടികളുടെ കമ്പ്യുട്ടര്‍ തന്നെ വീട്ടുകാര്‍ തല്ലിപ്പൊട്ടിച്ച് കാണും). youtub

ചുരുക്കത്തില്‍ ഇങ്ങനെ ഒരു ഗെയിം ഉള്ളതായി ആധികാരിക വിവരങ്ങള്‍ ഒന്നും തന്നെയില്ല. ഗെയിം ഉണ്ടാവാനുള്ള സാധ്യത കേരള സൈബര്‍ സെല്‍ തള്ളിക്കളഞ്ഞതുമാണ്. പിന്നെ ഉള്ള ആരോപണങ്ങള്‍ ഫാള്‍സ് കോസ് മാത്രമാണ്. ആത്മഹത്യാ പ്രവണതയുള്ള മിക്കയാളുകളുടെയും ലക്ഷണങ്ങളാണ് ബ്ലൂവെയിലിന്റേതായിട്ട് ആരോപിക്കുന്നത്. അനക്‌ഡോട്ടുകള്‍ തെളിവുകളല്ലെങ്കിലും എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് പറയാം. ഡിപ്രഷന്‍ കൊണ്ട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത് ഒറ്റ നിമിഷത്തെ തോന്നല്‍ കൊണ്ടുണ്ടാവുന്ന ആത്മഹത്യ പോലെയല്ല. പ്രാവര്‍ത്തികമാവാന്‍ സമയമെടുക്കുന്ന ഒരു തീരുമാനമാണത്. ഏറ്റവും വ്യത്യസ്തവും ക്രിയാത്മകവുമായ വഴികള്‍ നോക്കിയെന്നിരിക്കും. എന്തെങ്കിലും പ്രത്യേക സന്ദര്‍ഭങ്ങള്‍ക്കായി കാത്തിരുന്നെന്നിരിക്കും. രാത്രി ഉറക്കില്ലാതാവുന്നതും പാതിരാത്രി സിനിമ കാണുന്നതും പതിവാകും. ഇത്തരം പൊതുവായ കാര്യങ്ങളാണ് ബ്ലൂവെയിലില്‍ ആരോപിക്കുന്നത്. ചിലര്‍ ഇത്തരം ട്രെന്‍ഡുകള്‍ വെറുതെ ഫോളോ ചെയ്യും, മരിക്കുന്നതിന് മുമ്പ് കയ്യില്‍ വരഞ്ഞിടുന്നതൊക്കെ അങ്ങനെ വരുന്നതാവാം.

എന്തായാലും ഇപ്പോ മാധ്യമങ്ങള്‍ ഭീതി പരത്തുന്നത് പോലെയുള്ള ഒരു ഗെയിമും ഉണ്ടാവാന്‍ സാധ്യതയില്ല. എന്നിരുന്നാലും ഓണ്‍ലൈന്‍ ലോകത്തെ മൊത്തത്തില്‍ വെള്ള പൂശുകയല്ല. ഒരുപാട് ക്രൈമുകളിലേക്കും മറ്റ് പ്രവൃത്തികളിലേക്കും കൗമാരം വഴിതെറ്റാന്‍ സാധ്യതയുള്ള ഇടമാണ് ഓണ്‍ലൈന്‍. അത്തരം കാര്യങ്ങളില്‍ സര്‍ക്കാരും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കുകയും വേണം. എന്നാല്‍ ഇത് പോലെ ഒരു കോളിളക്കമുണ്ടാക്കുകയല്ല വേണ്ടത്. ഭരണതലത്തില്‍ അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യുകയാണ്. ഇത്തരം കോലാഹലം അനാവശ്യ പബ്ലിസിറ്റി കൊടുക്കും(Streisand Effect). നിരോധിച്ചവയോടുള്ള കൗമാരത്തിന്റെ അഭിനിവേശം കൂടുതല്‍ കുഴപ്പത്തിലേക്ക് വഴിവെക്കുകയും ചെയ്യും. ഇപ്പോള്‍ തന്നെ ബ്ലൂവെയില്‍ എന്ന പേരില്‍ നിരവധി മാല്‍വെയറുകളും ആഡ് വെയറുകളും പരസ്യം ലക്ഷമാക്കിയുള്ള ആപ്പുകളും നിരന്ന് കഴിഞ്ഞു.
വിവരങ്ങള്‍ക്ക് കടപ്പാട്:

chandrika: