X
    Categories: indiaNews

മൃതദേഹങ്ങള്‍ നിറഞ്ഞ് ഗംഗ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ബിഹാറിലെ ബക്‌സറില്‍ ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്ന് ഒരു ദിവസം പിന്നിടുമ്പോള്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്ത് ഉത്തര്‍പ്രദേശിലെ ഗാസിപുരും. ബിഹാറിലെ ബക്സറില്‍ നിന്ന് 55 കി.മീ അകലെ ഗാസിയാബാദിലൂടെ ഒഴുകുന്ന ഗംഗയിലാണ് നിരവധി മൃതദേഹങ്ങള്‍ ഒഴുകിപ്പോവുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
അഞ്ച് മുതല്‍ ആറ് ദിവസമായി മൃതദേഹങ്ങള്‍ വെള്ളത്തിലായിരുന്നുവെന്നാണ് മനസ്സിലാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ എവിടെ നിന്നാണ് ഒഴുകി വന്നതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാസിപുര്‍ ജില്ലാ മജിസ്ട്രേറ്റ് എംപി സിങ് പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് ഇവയെന്നാണ് സംശയം. കോവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ പുഴയിലൂടെ ഒഴുക്കിവിടുന്നത് ജനങ്ങളില്‍ വലിയ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്. വിഷയത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികളും പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. 150 ഓളം മൃതദേഹങ്ങളാണ് കഴിഞ്ഞദിവസം യു. പി – ബിഹാര്‍ അതിര്‍ത്തിയിലുള്ള ചൗസ പ്രദേശത്ത് ഗംഗയിലൂടെ ഒഴുകിയെത്തിയത്.
ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴുകി എത്തിയവയാകാം മൃതദേഹങ്ങളെന്നാണ് പ്രാദേശിക ഭരണകൂടങ്ങള്‍ പറയുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനോ ദഹിപ്പിക്കാനോ ബന്ധുക്കള്‍ക്ക് സ്ഥലം ലഭിക്കാതിരുന്നതു മൂലം അവ ഒഴുക്കിവിട്ടതാവാം എന്നാണ് സംശയം.
സംഭവം ഉത്തര്‍പ്രദേശ്-ബിഹാര്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനും ഇടയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ യഥാര്‍ഥ കോവിഡ് മരണ കണക്കുകള്‍ മറച്ചുവെക്കാനാണ് അധികൃതരുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ദിവസം യു.പിയിലെ ഹാമിര്‍പൂരില്‍ യമുനാ നദിയില്‍ നിരവധി മൃതദേഹങ്ങള്‍ ഒഴുകി നടന്നിരുന്നു. യു.പിയില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകളേക്കാള്‍ എത്രയോ മടങ്ങ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ തെളിവായാണ് ഗംഗയിലും യമുനയിലും നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത്.

 

 

web desk 3: