X

ക്ഷേത്രത്തില്‍ ശ്ലോകം ചൊല്ലുന്നതുമായി ബന്ധപ്പെട്ട് ബ്രഹ്മണ വിഭാഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല്‌

തമിഴ്‌നാട് കാഞ്ചീപുരത്ത് ക്ഷേത്രത്തിലെ ശ്ലോകം ചൊല്ലുന്നതുമായി ബന്ധപ്പെട്ട് ബ്രാഹ്മണ വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഇരു വിഭാഗങ്ങളും തമ്മില്‍ അടിപിടി നടന്നത്.

ശ്ലോകം ചെല്ലുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സംസ്‌കൃതം പിന്തുടരുന്ന ഉത്തരേന്ത്യന്‍ വിഭാഗവും തമിഴ് പിന്തുടരുന്നവരും തമ്മിലാണ് തര്‍ക്കം തുടങ്ങിയത്.വീടുപാനിയെന്ന ചടങ്ങിനോട് അനുബന്ധിച്ച് ശ്ലോകം ചൊല്ലുന്നത് തമിഴിലാക്കണമെന്ന് ഒരു വിഭാഗവും സംസ്‌കൃതത്തില്‍ മതിയെന്ന് മറുഭാഗവും വാദിച്ചതോടെയാണ് തര്‍ക്കം കയ്യാങ്കളിയില്‍ എത്തിയത്.

വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നേരത്തെയും തെക്ക് വിഭാഗവും വടക്ക് വിഭാഗവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. പ്രഭാന്തം ആലപിക്കുന്നതിനെതിരെ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ശ്ലോകം ആലപിക്കാന്‍ പാടില്ലെന്ന് തെക്ക് വിഭാഗക്കാര്‍ നിലപാട് സ്വീകരിച്ചു. ഇത് വാക്കേറ്റത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലും കലാശിക്കുകയായിരുന്നു.

ക്ഷേത്ര ദര്‍ശനത്തിനായി നിരവധി ആളുകള്‍ എത്തിയ സമയത്താണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം നടന്നത്. ഇരു കൂട്ടരും തമ്മിലടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

പരസ്പരം കൊലവിളി അടക്കം നടത്തിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ആളുകള്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല.കാഞ്ചീപുരത്തെ വരദരാജ പെരുമാള്‍ ക്ഷേത്രം 108 വൈഷ്ണവ ദിവ്യ ദേശത്തിന് കീഴിലുള്ള ക്ഷേത്രമാണ്. തിരുപ്പതി, ശ്രീരംഗം ക്ഷേത്രത്തിന് അടുത്തുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് വരദരാജ പെരുമാള്‍ ക്ഷേത്രം.

webdesk13: