X

ബ്രക്‌സിറ്റില്‍ കുരുക്ക്

ലണ്ടന്‍: പാര്‍ലമെന്റിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനാകൂവെന്ന് സുപ്രീംകോടതി. തെരേസ മെയ് സര്‍ക്കാറിന്റെ നിലപാട് തള്ളിയാണ് ബ്രിട്ടീഷ് സുപ്രീംകോടതിയുടെ വിധി. പാര്‍ലമെന്റിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച ഉള്‍പ്പെടെ ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കാനാകൂ എന്നും കോടതി വ്യക്തമാക്കി.

 

ഹിതപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നടപടികള്‍ക്ക് ബ്രിട്ടീഷ് ഭരണകൂടം തുടക്കം കുറിച്ചത്. മാര്‍ച്ച് 31ന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന വാദവുമായി ബ്രിക്‌സിറ്റ് വിരുദ്ധ ചേരി രംഗത്തെത്തി. ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പാര്‍ലമെന്റിന്റെ അനുമതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് തെരേസ മേയ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹിതപരിശോധനക്കൊപ്പം പാര്‍ലമെന്റിന്റെ അനുമതി കൂടി ആവശ്യമാണെന്ന ഹൈക്കോടതി നിലപാട് സുപ്രീംകോടതിയും അംഗീകരിക്കുകയായിരുന്നു.

 

ലിസ്ബണ്‍ കരാറിലെ 50-ാം വകുപ്പിന്റെ ലംഘനമാണ് തെരേസ മേയ് സര്‍ക്കാറിന്റെ നീക്കമെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചു. 11 അംഗ സുപ്രീംകോടതി ബഞ്ചില്‍ എട്ട് ജഡ്ജിമാരും കീഴ്‌കോടതി വിധി റദ്ദാക്കണമെന്ന ഭരണകൂടത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.
ഹിതപരിശോധനയിലൂടെ നിയമത്തില്‍ എന്ത് മാറ്റം വരുത്തണമെങ്കിലും പാര്‍ലമെന്റ് വഴി ബ്രിട്ടീഷ് ഭരണഘടനയുടെ അനുമതി ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. അതേസമയം ബ്രിക്‌സിറ്റിനെ എതിര്‍ക്കുന്ന സ്‌കോട്ടിഷ് പാര്‍ലമെന്റ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് നിയമസഭകള്‍ എന്നിവയുടെ അനുമതി വാങ്ങണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളി.

 

ബ്രിട്ടീഷ് രാജ്ഞി സര്‍ക്കാറിന് അനുവദിച്ചിരിക്കുന്ന റോയല്‍ പ്രിറേഗേറ്റീവ് (രാജകീയ വിശേഷാധികാരം) അനുസരിച്ച് ബ്രക്‌സിറ്റ് തീരുമാനം നടപ്പാക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി ആവശ്യമില്ലെന്ന വാദമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. കഴിഞ്ഞ ജൂണില്‍ രാജ്യത്തു നടന്ന ഹിത പരിശോധനയില്‍ എം.പിമാരും പങ്കെടുത്തതിനാല്‍ അവരുടെ നിലപാട് ഇനി പ്രത്യേകം ആരായേണ്ടതില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളിക്കളഞ്ഞു. ഭരണഘടനാ ഭേദഗതി പ്രകാരം പാര്‍ലമെന്റിന്റെ അനുമതില്ലാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്ന് സുവ്യക്തമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
അതേസമയം സുപ്രീംകോടതി വിധി ബ്രെക്‌സിറ്റ് സമയക്രമത്തെ ബാധിക്കില്ലെന്ന് ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് പ്രതികരിച്ചു. ബ്രക്‌സിറ്റ് ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

chandrika: