X

അബൂദാബി കിരീടാവകാശി ഇന്ത്യയില്‍; റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് രാജോചിത സ്വീകരണം. ഇന്നലെ വൈകിട്ട് ഡല്‍ഹി വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കിരീടാവകാശിയെ സ്വീകരിച്ചു. പ്രോട്ടോക്കോള്‍ മറികടന്നാണ് മോദി അല്‍ നഹ്‌യാനെ സ്വീകരിക്കാനെത്തിയത്.

 

ത്രിദിന സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രിക്കു പുറമേ, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തുടങ്ങിയവരുമായുംകൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. വ്യാപാരം, സുരക്ഷ തുടങ്ങി 10 മേഖലകളില്‍ ഇരുരാഷ്ട്രങ്ങളും കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് സൂചന. അയല്‍ രാജ്യമായ പാകിസ്താനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന യു.എ. ഇയുമായി അതിര്‍ത്തി കടന്നുള്ള ഭീകരവാദ വിഷയത്തെ അപലപിച്ച് പ്രഖ്യാപനം നടത്തിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.

 
യു.എസും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയുമായുള്ള ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എ.ഇ. ഏകദേശം 60 ബില്യണ്‍ യു.എസ് ഡോളറാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വാര്‍ഷിക വ്യാപാരം. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജീവിക്കുന്ന രാഷ്ട്രം കൂടിയാണത്. ഏകദേശം 26 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയില്‍ തൊഴിലെടുക്കുന്നത്. 15 ബില്യണ്‍ യു.എസ് ഡോളറാണ് വര്‍ഷം പ്രതി പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്നത്.

 
വ്യാപാര കരാറിന് പുറമേ, ഇന്ത്യയുടെ ദേശീയ പശ്ചാത്തലവികസന നിക്ഷേപ നിധിയില്‍ യു.എ.ഇ നിക്ഷേപം നടത്തുമെന്ന സൂചനയുണ്ട്. പ്രതിരോധ മേഖലയിലെ പങ്കാളിത്തവും ചര്‍ച്ചയാകുമെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി അമര്‍ സിന്‍ഹ വെളിപ്പെടുത്തി. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ നേരത്തെ യു.എ.ഇ ഇന്ത്യയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് ഐ.ആര്‍.പി (ഇന്റലക്ച്വല്‍ പ്രൊപ്പേര്‍ട്ടി റൈറ്റ്) അവകാശം ഉള്ള ആയുധങ്ങള്‍ നല്‍കാന്‍ മാത്രമേ ആകൂ എന്ന് ഇന്ത്യ യു.എ.ഇയെ അറിയിച്ചിരുന്നു.

chandrika: