X

ബ്രിജ് ഭൂഷണ്‍ സ്ഥിരം കുറ്റവാളി; പരാതിയില്‍ തെളിവുണ്ടെന്ന് പൊലീസ്

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ ചരണ്‍ സിംഗ്, വനിത ഗുസ്തി താരങ്ങളെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് കുറ്റപത്രം. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബ്രിജ് ഭൂഷന്‍ സ്ഥിരം കുറ്റവാളിയെന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്. താരങ്ങള്‍ക്ക് എതിരെ ബ്രിജ് ഭൂഷന്‍ ഇടതടവില്ലാതെ ലൈംഗിക അതിക്രമം നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം 4 വകുപ്പുകളാണ് ബ്രിജ് ഭൂഷനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. ബ്രിജ് ഭൂഷനെ വിചാരണ നടത്തി ശിക്ഷ നല്‍കണം എന്നും കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടത്തിയെന്നാണ് സാക്ഷികളുടെ മൊഴി. 15 സാക്ഷികളാണ് ആരോപണങ്ങള്‍ ശരിവയ്ക്കുന്ന മൊഴികള്‍ നല്‍കിയിരിക്കുന്നത്.

ഗുസ്തി താരങ്ങളുടെ മാസങ്ങളോളം നീണ്ട സംഭവ ബഹുലമായ സമരത്തെ തുടര്‍ന്നാണ് ബ്രിജ്ഭൂഷനെതിരെ പൊലീസ് കേസെടുത്തത്. ജനുവരിയിലാണ് ബ്രിജ് ഭൂഷനെതിരെ പരാതിയുമായി ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്. 3 ദിവസം നീണ്ടു നിന്ന സമരത്തില്‍ ഗുസ്തി ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം.

മേരി കോം അധ്യക്ഷയായ ആറംഗ സമിതി വനിതാ താരങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടികളുണ്ടാകാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചു. താരങ്ങള്‍ പ്രതിഷേധമാരംഭിച്ചതോടെ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിന് ശേഷം മാത്രമാണ് ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്.

ബ്രിജ് ഭൂഷന്റെ അറസ്റ്റ് ഉണ്ടാകാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധമാരംഭിച്ചു. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ ഗുസ്തി താരങ്ങള്‍ സമരവുമായി ജന്ദര്‍മന്തറിലിറങ്ങി. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ താരങ്ങളെ ഡല്‍ഹി പൊലീസ് മര്‍ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തതിരുന്നു.

താരങ്ങളെ കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു. ഇതിന് പിന്നാലെ തങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലായി ലഭിച്ച എല്ലാ മെഡലുകളും ഗംഗയിലൊഴുക്കി കളയാനെത്തിയ താരങ്ങളെ കര്‍ഷക നേതാക്കള്‍ തടയുകയും മുഴുവന്‍ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

webdesk13: