X

അപകീര്‍ത്തികരമായ പരാമര്‍ശം; അര്‍ണബ് ഗോ സ്വാമിക്കെതിരെ കോടതി നടപടി

ന്യൂഡല്‍ഹി: മുന്‍ ടൈംസ് ഓഫ് നൗ വാര്‍ത്ത അവതാരകനും റിപ്പബ്ലിക് ചാനല്‍ എം.ഡിയുമായ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി നല്‍കിയ മാനനഷ്ടക്കേസിലാണ് അര്‍ണബിന് നോട്ടീസ്. മാനനഷ്ടത്തിനായി രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് ശശി തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്.

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ മെയ് 26 നാണ് ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. മരണവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ തന്നെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാണ് ശശി തരൂര്‍ ഹര്‍ജിയില്‍ ഉന്നയിച്ചത്.

തരൂരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദ് ഹാജരായി. സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കരുതന്നും വിഷയത്തില്‍ ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും അര്‍ണബിന്റെ റിപ്പബ്ലിക് ചാനലിനെ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് മന്‍മോഹനാണ് കോടതി നോട്ടീസ് അയക്കാനുള്ള ഉത്തരവിട്ടത്. നിങ്ങള്‍ക്ക് നിങ്ങളുടെ വാര്‍ത്തകള്‍ നല്‍കാം. അതിനായി വസ്തുതകള്‍ നിരത്തുകയും ആവാം. എന്നാല്‍ എന്തുംവിളിച്ചു പറയരുതെന്നും അത് ശരിയല്ലെന്നും, ജസ്റ്റിസ് പറഞ്ഞു. ആഗസ്ത് 16 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നോട്ടീസിന് മറുപടി നല്‍കാനും ജസ്റ്റിസ് മന്‍മോഹന്‍ ആവശ്യപ്പെട്ടു.

chandrika: