X
    Categories: Newsworld

യൂറോപ്പിനോട് ബ്രിട്ടണ്‍ വിടപറഞ്ഞു

ലണ്ടന്‍: പുതുവര്‍ഷത്തില്‍ യൂറോപ്യന്‍ യൂണിയനോട് വിടപറഞ്ഞ് ബ്രിട്ടന്‍ സ്വതന്ത്രരാജ്യമായി. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് 48 വര്‍ഷത്തെ ബന്ധമുപേക്ഷിച്ച് ബ്രിട്ടന്‍ ഔദ്യോഗികമായി ഇ.യു വിട്ടത്. നാലരവര്‍ഷം നീണ്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും സംവാദങ്ങള്‍ക്കും ഇതോടെ വിരാമമായി.

ബ്രെക്‌സിറ്റിനുശേഷവും ഇ.യു വുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാറും പുതുവത്സരദിനത്തില്‍ നിലവില്‍വന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇരുസഭകളും ചേര്‍ന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞിയും അനുമതി നല്‍കിയിരുന്നു. ഇതോടെ ബില്‍ നിയമമായി. പുതുവര്‍ഷം പുതിയൊരു തുടക്കമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായി ഭാവിയിലും ബന്ധം തുടരുന്നതിനുള്ള ബില്‍ ഒറ്റദിവസംകൊണ്ട് പാസാക്കാന്‍ സഹായിച്ച പാര്‍ലമെന്റംഗങ്ങളോടും സഹപ്രവര്‍ത്തകരോടും അദ്ദേഹം നന്ദിപറഞ്ഞു.

2016 ജൂണിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന കാര്യത്തില്‍ ഹിതപരിശോധന നടത്തിയത്. ഹിതപരിശോധന അനുകൂലമായതോടെ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവെച്ചു. തുടര്‍ന്ന് അധികാരത്തിലേറിയ തെരേസ മേയ്ക്കും ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാതെ പടിയിറങ്ങേണ്ടിവന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് പിന്നീട് ബോറിസ് ജോണ്‍സണ്‍ അധികാരമേറ്റത്.

 

web desk 3: