X

ക്രൂരമായി കൊല്ലപ്പെട്ട കശ്മീര്‍ പെണ്‍കുട്ടിക്കെതിരെ വിദ്വേഷ പരാമര്‍ശം; യുവാവിനെതിരെ പൊലീസില്‍ പരാതി

 

കൊച്ചി: കശ്മീരില്‍ എട്ടു വയസുകാരി ക്രൂരമായ ബലാത്സംഗത്തിനരയായി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ചും പെണ്‍കുട്ടിയെ അപമാനിച്ചും ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത എറണാകുളം നെട്ടൂര്‍ സ്വദേശിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ വിഷ്ണു നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി. സമൂഹ മധ്യത്തില്‍ ഭിന്നതയുണ്ടാക്കി വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വൈ ഷാജഹാനാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയേയും കുടുംബത്തെയും അപമാനിക്കാനും സമൂഹ മധ്യത്തില്‍ ഭിന്നതയുണ്ടാക്കി വര്‍ഗീയ കലാപം ഉണ്ടാക്കാനും ശ്രമിച്ചതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി ലഭിച്ചതായും തുടര്‍നടപടികള്‍ക്കായി സൈബര്‍ സെല്‍ പൊലീസിന് കൈമാറിയതായും കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇവളെ ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ തന്നെ ബോംബായി വന്നേനേ എന്നായിരുന്നു വിഷ്ണു നന്ദകുമാറിന്റെ കമന്റ്. ഇതിനെതിരെ മലയാളികള്‍ ഒന്നടങ്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ഇയാള്‍ ജോലി ചെയ്യുന്ന കൊടക് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിലടക്കം പ്രതിഷേധവുമായെത്തിയവര്‍ ഇയാളെ പുറത്താക്കണമെന്ന് ആവശ്യവുമായി ഡിസ്മിസ്സ് യുവര്‍ മാനേജര്‍ എന്ന ഹാഷ് ടാഗില്‍ കാമ്പയിനും തുടങ്ങി. വിഷ്ണു അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന പാലാരിവട്ടത്തെ ബാങ്കിന് മുന്നില്‍ പോസ്റ്ററും പതിച്ചു. ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടും പേജ് അണ്‍ലൈക്ക് ചെയ്തും കുറഞ്ഞ റേറ്റിങ് നല്‍കിയും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം തുടര്‍ന്നതോടെ വിഷ്ണുവിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. വൈകിട്ടോടെ ഇയാളെ പുറത്താക്കിയതായി കൊടക് മഹീന്ദ്ര ബാങ്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പ്രതിഷേധക്കാരെ അറിയിച്ചു. കമന്റ് ശ്രദ്ധയില്‍പ്പെട്ട ഏപ്രില്‍ 11ന് തന്നെ ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നുവെന്നാണ് അധികൃതരുടെ വാദം.

chandrika: