X

സര്‍ക്കാറുകള്‍ മാറിയിട്ടും ഞങ്ങളുടെ സ്ഥിതിയില്‍ മാറ്റമൊന്നുമില്ല, കഷ്ടപ്പാടുകള്‍ പങ്കുവെച്ച് ജവാന്‍

ശ്രീനഗര്‍: ഒട്ടിയ വയറുമായാണ് അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്നതെന്ന് ബി.എസ്.എഫ് ജവാന്റെ തുറന്നുപറച്ചില്‍. തന്ത്രപ്രധാനമായ ജമ്മുകശ്മീര്‍ നിയന്ത്രണ രേഖയില്‍ കാവല്‍ നില്‍ക്കുന്ന തേജ് ബഹദൂര്‍ യാദവ് എന്ന ജവാനാണ് കഷ്ടപ്പാടുകള്‍ വിശദീകരിച്ച് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കടുത്ത തണുപ്പ് സഹിച്ച് ഇവിടെ കാവല്‍ നില്‍ക്കുമ്പോള്‍ അതിനൊത്തുള്ള പരിചരണം ലഭിക്കുന്നില്ലെന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറയുന്നത്.

ഞങ്ങള്‍ പലപ്പോഴും പട്ടിണിയിലാണ്, ഭക്ഷണം പോലും മുറക്ക് ലഭിക്കുന്നില്ല, ഞങ്ങള്‍ക്ക് കിട്ടേണ്ട വിഹിതം ചില ഉദ്യോഗസ്ഥര്‍ വില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സര്‍ക്കാറുകള്‍ മാറിവരുന്നു, പക്ഷേ ഞങ്ങളുടെ അവസ്ഥക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല, രാവിലെ ലഭിക്കുന്നത് ഒരു പൊറാട്ടയും ചായയും മാത്രമാണ്, കറിയായി പച്ചക്കറിയോ, അച്ചാറോ ഇല്ല, അതു മാത്രം ഭക്ഷിച്ചാണ് പലപ്പോഴും പതിനൊന്ന് മണിക്കൂറിലേറെ അതിര്‍ത്തിയില്‍ റോന്ത് ചുറ്റുന്നത്. ഉച്ചക്ക് റൊട്ടിക്കൊപ്പം കിട്ടുന്ന പയറ് വര്‍ഗങ്ങളില്‍ ഉപ്പും മഞ്ഞള്‍പൊടിയും കലക്കിയ വെള്ളം മാത്രം.

ഇതൊക്കെ കഴിച്ച് എങ്ങനെയാണ് ഞങ്ങള്‍ക്ക് പണിയെടുക്കാനാവുകയെന്നും അദ്ദേഹം ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. അതേസമയം വീഡിയോ വാര്‍ത്തകളില്‍ ഇടം നേടിയതിന് പിന്നാലെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കുമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുന്നത്.

chandrika: