X
    Categories: Newstech

ഇനി പ്രതിദിന പരിധിയില്ല, ‘അണ്‍ലിമിറ്റഡ് ഡേറ്റ’, പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

രാജ്യത്തെ പൊതുമേഖലാ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചു. സ്വകാര്യ കമ്പനികളെല്ലാം പുതിയ ‘അണ്‍ലിമിറ്റഡ്’ ഡേറ്റാ പ്ലാനുകള്‍ അവതരിപ്പിച്ചതോടെയാണ് ബിഎസ്എന്‍എലും രംഗത്തെത്തിയത്. 447 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ആണ് അവതരിപ്പിച്ചത്. സ്പീഡ് നിയന്ത്രണമില്ലാതെ 100 ജിബി അതിവേഗ ഡേറ്റയാണ് ഈ പ്ലാനില്‍ നല്‍കുന്നത്. പ്രതിദിന നിയന്ത്രണത്തില്ലാതെ കാലാവധി തീരും വരെ 100 ജിബി ഡേറ്റ ഉപയോഗിക്കാം. 100 ജിബി ഡേറ്റ കഴിഞ്ഞാല്‍ വേഗം 84 കെബിപിഎസിലേക്ക് മാറുന്നതാണ്.

60 ദിവസ കാലാവധിയുള്ള 447 രൂപ പ്ലാനില്‍ സൗജന്യ ബിഎസ്എന്‍എല്‍ ട്യൂണുകളും ഇറോസ് നൗ വിനോദ സേവനങ്ങള്‍, പ്രതിദിനം 100 എസ്എംഎസുകള്‍ എന്നിവ ലഭിക്കും. ഇതോടൊപ്പം തന്നെ 247, 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ പുതുക്കി. ഈ രണ്ട് പ്ലാനുകളിലെയും ദൈനംദിന ഉപയോഗ പരിധി നീക്കം ചെയ്തു. ഇനി മുതല്‍ 247 പ്ലാനില്‍ 30 ദിവസത്തേക്ക് 50 ജിബി അതിവേഗ ഡേറ്റ പരിധിയില്ലാതെ ഉപയോഗിക്കാം.

699 രൂപയുടെ പ്രൊമോഷണല്‍ പ്ലാനിന്റെ കാലാവധിയും നീട്ടി. 2021 സെപ്റ്റംബര്‍ വരെയാണ് നീട്ടിയത്. ഈ പ്ലാനില്‍ 0.5 ജിബി പ്രതിദിന അതിവേഗ ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്. പരിധി കഴിഞ്ഞാല്‍ വേഗം 80 കെബിപിഎസായി കുറയ്ക്കും. സെപ്റ്റംബര്‍ അവസാനം വരെ 180 ദിവസ കാലാവധിയുള്ള പ്ലാന്‍ റീചാര്‍ജ് ചെയ്യാം. പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതിനാല്‍ കോളുകള്‍ വിളിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ പ്ലാന്‍ അനുയോജ്യമാണ്.

web desk 3: