X

രാജ്യത്ത് 30 കോടി പതാകകള്‍ വിറ്റു; വരുമാനം 500 കോടി

ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം 30 കോടി പതാകകള്‍ വിറ്റഴിഞ്ഞതായി റിപ്പോര്‍ട്ട്. ഇതിലൂടെ 500 കോടി രൂപയുടെ വരുമാനമുണ്ടായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

15 ദിവസത്തിനിടെ രാജ്യത്താകെ ദേശീയ പതാകയുമായി ബന്ധപ്പെട്ട് പ്രൗഢഗംഭീരമായ മൂവായിരത്തിലധികം ചടങ്ങുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 20 ദിവസത്തിനിടെ ജനങ്ങളുടെ ആവശ്യാനുസരണം 30 കോടിയിലധികം ദേശീയ പതാക നിര്‍മിക്കാന്‍ ഇന്ത്യയിലെ വ്യവസായികള്‍ക്ക് സാധിച്ചുവെന്നത് അവരുടെ കഴിവും പ്രാപ്തിയും തെളിയിക്കാനുള്ള അവസരമായി മാറിയെന്നും കോണ്‍ഫെഡറേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

പതാക പോളിസ്റ്റര്‍ തുണിയില്‍ മെഷീനില്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതും നിര്‍മാണം വേഗത്തിലാക്കി. നേരത്തെ ഖാദി അല്ലെങ്കില്‍ പരുത്തി തുണിയില്‍ മാത്രമേ ദേശീയ പതാക നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇത്തരത്തില്‍ അവസരം ലഭിക്കുകയാണെങ്കില്‍ നിരവധി പേര്‍ക്ക് വീടുകളില്‍ തന്നെ ചെറിയ സംവിധാനത്തില്‍ പതാക നിര്‍മാണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സാധിക്കുമെന്നും കോണ്‍ഫഡറേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Chandrika Web: