X

ഉപതെരഞ്ഞെടുപ്പ്; താമരശ്ശേരി പള്ളിപ്പുറത്ത് യു.ഡി.എഫിന് ഉജ്ജ്വലവിജയം

താമരശ്ശേരി: വ്യാഴാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന താമരശ്ശേരി പള്ളിപ്പുറം വാര്‍ഡില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയം. മുസ്‌ലിംലീഗിലെ എന്‍.പി മുഹമ്മദലി മാസ്റ്റര്‍ 369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്വതന്ത്രന്‍ (ഐ.എന്‍.എല്‍) പി.സി ജുനൈസിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സിറ്റിങ് സീറ്റായ പള്ളിപ്പുറത്ത് താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന കെ.സി മാമു മാസ്റ്റര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാള്‍ 117 വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.പി മുഹമ്മദലി മാസ്റ്റര്‍ക്ക് 568 വോട്ടും ഇടതു സ്ഥാനാര്‍ത്ഥി പി.സി ജുനൈസിന് 199 വോട്ടും ,എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി പി.പി നവാസിന് 191 ഉം, ബി.ജെ.പി സ്ഥാനാര്‍ത്ഥി സുധീര്‍ബാബുവിന് 127 വോട്ടുമാണ് ലഭിച്ചത്. വെട്ടെണ്ണലിന് വരണാധികാരി മടവൂര്‍ കൃഷി ഓഫീസര്‍ പി. ഇന്ദു നേതൃത്വം നല്‍കി. ഉപതെരഞ്ഞെടുപ്പ് നടന്ന പുതുപ്പാടി പഞ്ചായത്തിലെ വെസ്റ്റ് കൈതപ്പൊയില്‍ വാര്‍ഡ് എല്‍.ഡി. എഫ് നിലനിര്‍ത്തി. സി.പി.എം സ്ഥാനാര്‍ഥി പി.ആര്‍ രാഗേഷ് 187 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ .ആയിശക്കുട്ടിയെ പരാജയപ്പെടുത്തിയത്.

chandrika: