X

മലയാളി ജവാൻ വസന്തകുമാറിന് ജന്മനാടിന്‍റെ ആദരം; ഭൗതികദേഹം ഉച്ച കഴിഞ്ഞ് വയനാട്ടിലെത്തിക്കും

വീരമൃത്യു വരിച്ച മലയാളി ജവാൻ വസന്തകുമാറിന്‍റെ ഭൗതിക ദേഹം ഇന്ന് ഉച്ച കഴിഞ്ഞ് കേരളത്തിലെത്തിക്കും. തുടർന്ന് വയനാട്ടിലെ ലക്കിടിയിലേക്ക് റോഡ്മാർഗം കൊണ്ടുപോകും. പൊതുദർശനത്തിന് ശേഷം സൈനിക ബഹുമതികളോടെ സംസ്‌കരിക്കും

ഫയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ 2.15ഓടെ കരിപ്പൂർ വിമാനത്താവളത്തിലാണ് ഭൗതികദേഹം എത്തിക്കുക.കേരളത്തിലെയും തമിഴ്‌നാട്ടിലെയും 4 ജവാന്മാരുടെ ഭൗതികദേഹങ്ങളാണ് ഒരേ വിമാനത്തിൽ കൊണ്ടുവരുന്നത്.. തിരിച്ചിയിലും മധുരയിലും ഇറങ്ങുന്ന വിമാനം വസന്ത് കുമാറിന്റെ ഭൗതികദേഹവുമായി ഉച്ചക്ക് ശേഷം കരിപ്പൂരിലെത്തും. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ഭൗതിക ശരീരം വയനാട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ലക്കിടി ഗവ എൽ.പി.സ്‌കൂളിൽ പൊതുദർശ്ശനത്തിന് വെക്കും. തുടർന്ന് തൃക്കൈപറ്റ വില്ലേജിലുള്ള വാഴക്കണ്ടി കോളനിയിലെ കുടുംബശ്മശാനത്തിൽ സംസ്ഥാന – സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടത്തും.

പഞ്ചാബിൽ ജോലിചെയ്തിരുന്ന വസന്തകുമാർ ഈ മാസം രണ്ടുമുതൽ എട്ടുവരെ നാട്ടിലുണ്ടായിരുന്നു. ഹവിൽദാറായി സ്ഥാനക്കയറ്റം കിട്ടിയപ്പോഴാണ് പരിശീലനത്തിനായി പുൽവാമയിലേക്ക് തിരിച്ചത്. വ്യാഴാഴ്ച രാവിലെ പുൽവാമയിലെത്തിയ വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്.ഭാര്യ: ഷീന (പൂക്കോട് വെറ്ററിനറി കോളേജ് താത്കാലിക ജീവനക്കാരി). മക്കൾ: മൂന്നാംക്ലാസ് വിദ്യാർഥിയായ അനാമിക, യു.കെ.ജി. വിദ്യാർഥിയായ അമർദീപ് (ഇരുവരും സെയ്ന്റ് ക്ലാരറ്റ് എച്ച്.എസ്.).

chandrika: