X

താരകങ്ങളേ, മാപ്പ്

‘രാജ്യത്തിനുവേണ്ടിയാണ് എന്റെ അനുജന്‍ മരിച്ചത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു’. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ബുധനാഴ്ച ചാവേര്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവരിലൊരാളായ വയനാട് സ്വദേശി സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ വി.വി വസന്തകുമാറിന്റെ സഹോദരന്റെ വാക്കുകള്‍ വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ ശ്രവിക്കാനാകില്ല. പത്താം തരം മാത്രം വിദ്യാഭ്യാസമുള്ള പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ദാര്‍ ആണ് സ്‌കോര്‍പ്പിയോ കാറില്‍ 350 കിലോ സ്‌ഫോടകവസ്തുക്കളുമായി സ്വയം ചാവേറായി അര്‍ധസൈനിക വ്യൂഹത്തിലേക്ക് സ്വയം ഇടിച്ചുകയറിയത്. രാജ്യസുരക്ഷയുടെ അഭിമാന താരകങ്ങളായ 40 ലധികം വീരസൈനികര്‍ ആക്രമണത്തില്‍ ഒറ്റയടിക്ക് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നു. ദാറിന് ഇത് സാധിപ്പിച്ചുകൊടുക്കാന്‍ വലിയൊരു ഭീകരനിര പിന്നിലുണ്ടായിരുന്നുവെന്നാണ് സൈന്യം പറയുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഭവത്തിന്റെ ചലനദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. 2500ഓളം വരുന്ന അര്‍ധസൈനിക വ്യൂഹത്തിനുനേര്‍ക്ക് ചാവേര്‍ നടത്തിയ ആക്രമണത്തെ തികഞ്ഞ ഭീരുത്വമെന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. പതിനെട്ടു വര്‍ഷത്തിനിടെ നടന്ന ആദ്യ ചാവേര്‍ ആക്രമണം എന്നതു മാത്രമല്ല, കശ്മീരില്‍ ഇത്രയും സൈനികരുടെ കൂട്ടമരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല എന്നതും അതീവ ഗൗരവമര്‍ഹിക്കുന്നു. തീരാത്ത സങ്കടവുമായി കഴിയുന്ന സൈനികരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതോടൊപ്പം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച നിഗൂഢ ശക്തികളെ ഭൂ ഉപരിതലത്തിലൊരിടത്തും വെച്ചുപൊറുപ്പിക്കരുതെന്ന് ദൃഢപ്രതിജ്ഞയെടുക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. അതിനിടെ, രണ്ടു ദിവസം മുമ്പ് ഭീകരരുടെ ഭീഷണിയുണ്ടായിരുന്നിട്ടും പത്തു കിലോമീറ്ററകലെ ഇത്രയും സ്‌ഫോടക വസ്തുക്കളുമായി സ്‌ഫോടക വാഹനം ഒരുക്കപ്പെടുമ്പോള്‍ ജമ്മുകശ്മീരിലെ കേന്ദ്ര നിയന്ത്രിത ഭരണകൂടം എവിടെയായിരുന്നു? ഇന്റലിജന്‍സ് വീഴ്ചയുണ്ടായതായി സംസ്ഥാന ഗവര്‍ണര്‍തന്നെ സമ്മതിച്ചിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടങ്ങള്‍ നോക്കുകുത്തികളാണോ എന്ന ചോദ്യം അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്നു.
2018 ആഗസ്റ്റ് 15 ന് ‘ഗലി (വെടിയുണ്ട)യോ ഗോലിയോ അല്ല ആലിംഗനത്തിന്റെ ഭാഷയാണ് പാക്കിസ്താനോട് സ്വീകരിക്കുക’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ആവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷം ജമ്മുകശ്മീര്‍ കണ്ടത് അന്ധമായ നരനായാട്ടായിരുന്നുവെന്നതാണ് നേര്. കശ്മീരി ജനതയിലെ നിരപരാധികളും ഭീകരരും ഉള്‍പ്പെടെ ആയിരങ്ങളാണ് മോദി ഭരണത്തില്‍ മരിച്ചുവീണത്. മുമ്പ് നാഷണല്‍ കോണ്‍ഫറന്‍സുമായും അടുത്തകാലം വരെ പി.ഡി.പിയുമായുമൊക്കെ കൂട്ടുകെട്ടുണ്ടാക്കിയിട്ടും കശ്മീരി ജനതയെ കയ്യിലെടുക്കാന്‍ ബി.ജെ.പിസര്‍ക്കാരുകള്‍ക്കായില്ല. പാക്കിസ്താന്‍ രാഷ്ട്ര നേതാക്കളുമായി ചായ സല്‍ക്കാരത്തിലേര്‍പെടുമ്പോഴും കശ്മീരിലും സൈനികകേന്ദ്രങ്ങളിലും നൂറുകണക്കിന് പേരാണ് മോദി കാലത്ത് മരിച്ചുവീണത്. 2010ലെ യു.പി.എ ഭരണകാലത്ത് തുലോം കുറവായിരുന്ന കശ്മീരിലെ മരണസംഖ്യ 2014 മുതലുള്ള മോദി കാലത്ത് റോക്കറ്റ് പോലെ കുതിക്കുന്നതാണ് കണ്ടത്. കശ്മീര്‍ നയത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ പാളിച്ചയാണ് ഇതിലൂടെ തുറന്നുകാട്ടപ്പെട്ടത്.
2016 ജൂലൈഎട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ ബുര്‍ഹാന്‍വാനിയെ കൊലപ്പെടുത്തിയതായിരുന്നു മോദി സര്‍ക്കാര്‍ കാണിച്ച ഏറ്റവും വലിയ അതിസാഹസികത. വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നതാണ് ഇതിലൂടെ സംഭവിച്ചത്. അതിനുശേഷം കശ്മീരി യുവാക്കള്‍ കൂട്ടത്തോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടുതുടങ്ങി. സൈനിക വാഹനത്തില്‍ യുവാവിനെ കെട്ടിയിട്ട് ഓടിച്ചതടക്കം ഞെട്ടിക്കുന്ന ക്രൂരതകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മാത്രമല്ല മോദി ഭരണകൂടത്തിന്റെതന്നെ മുഖത്താണ് വീണ്ടും ചെന്നുപതിച്ചത്. 2013ല്‍ 20 യുവാക്കളാണ് താഴ്‌വരയില്‍ തീവ്രവാദത്തില്‍ അണിചേര്‍ന്നതെങ്കില്‍ 2014ല്‍ അത് 50 ഉം 2015ല്‍ 60ഉം 2016ല്‍ 80ഉം 2017ല്‍ 120ഉം കഴിഞ്ഞവര്‍ഷം 200മായിരുന്നു. പാകിസ്താന്റെ സഹായത്തോടെ നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങളില്‍ ഇന്ത്യയുടെ ഭാഗത്ത് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് സൈനികരെയാണ്. ഉറി, പഠാന്‍കോട്ട് സംഭവങ്ങള്‍ ഉദാഹരണം. രാജ്യത്തെ രക്ഷിക്കാന്‍ തങ്ങള്‍ക്കേകഴിയൂ എന്ന് വീമ്പിളക്കിയ മോദിക്ക് ഈ നാണക്കേടില്‍നിന്നെല്ലാം തലയൂരാന്‍വേണ്ടത് ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ മാത്രമായിരുന്നു. 2017 സെപ്തംബറില്‍ മോദി അത് നിര്‍വഹിച്ചെങ്കിലും അതിനുശേഷവും പാക് ഭാഗത്തുനിന്ന് ഒരനുകൂല നീക്കവും ഉണ്ടായില്ലെന്നുമാത്രമല്ല ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് ബുധനാഴ്ച രാജ്യത്ത് സംഭവിച്ചത്. മോദി ഭരണത്തില്‍ കശ്മീരിനും ഇന്ത്യക്കും രക്ഷയില്ലെന്നാണ് മേല്‍സംഭവങ്ങളെല്ലാം വിളിച്ചോതുന്നത്.
2008ല്‍ മുംബൈയിലെ താജ്‌ഹോട്ടലില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ ആവശ്യപ്പെടുന്ന ഹാഫിസ് സയ്യിദിനെ വിട്ടുതരാന്‍ പാക് ഭരണകൂടം തയ്യാറാകാതിരിക്കുന്നതും അവര്‍ക്ക് ചൈനയുടെ പിന്തുണ ലഭിക്കുന്നതും ഇന്ത്യയുടെ കരങ്ങളെ കെട്ടിയിടുന്നുണ്ടെങ്കിലും പുല്‍വാമ സംഭവം രാജ്യത്തോട് വിളിച്ചുപറയുന്നത് ഏതുവിധേനയും കശ്മീരിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവന്നില്ലെങ്കില്‍ ആ സംസ്ഥാനം എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ്. പകരംവേണ്ടത് യുദ്ധമാണെന്ന് വാദിക്കുന്നവരുണ്ടെങ്കിലും കഴിഞ്ഞകാല സംഭവങ്ങളിലെല്ലാം തെളിയുന്നത് ബലപ്രയോഗം കൂടുതല്‍ ദോഷം മാത്രമേ നമുക്കുണ്ടാക്കൂ എന്ന സത്യമാണ്. വികാരത്തിനല്ല വിവേകത്തിനാകണം ഇവിടെ സ്ഥാനം. വീണ്ടുമൊരു അതിസാഹസികതക്ക് തയ്യാറാകാതെ ബുദ്ധിയും തന്ത്രവും ഉപയോഗിച്ചുള്ള നീക്കമാകണം നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. പാകിസ്താനെ ഇകഴ്ത്തിക്കാട്ടുകയും അവരുടെ കീഴില്‍ വളരുന്ന ഭീകരതയെ അടിച്ചമര്‍ത്താന്‍ ലോക ശക്തികളുടെ സഹകരണം തേടുകയുമാണ് അതിലൊന്ന്. വ്യാപാര കാര്യത്തില്‍ പാകിസ്താന് നാം നല്‍കിയിരുന്ന സൗഹൃദ പദവി ( മോസ്റ്റ് ഫേവേഡ് നാഷന്‍ സ്റ്റാറ്റസ് ) എടുത്തുകളഞ്ഞതും വാഗ അതിര്‍ത്തിവഴിയുള്ള വ്യാപാരം നിര്‍ത്തിവെച്ചതും നയതന്ത്ര പ്രതിനിധിയെ വിളിച്ച് പ്രതിഷേധം അറിയിച്ചതും തന്ത്രപരമായി ഗുണം ചെയ്‌തേക്കാമെങ്കിലും സാമ്പത്തികമായി കൂടുതല്‍ കര്‍ക്കശ നടപടികള്‍ കൈക്കൊള്ളാന്‍ നാം സന്നദ്ധമാകണം. ഇന്നുനടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷകക്ഷികളുടെ വിശ്വാസം ആര്‍ജിച്ച് അവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സാമ്പത്തിക-സൈനിക-നയതന്ത്ര നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. പ്രധാനമന്ത്രി പറഞ്ഞതുപോലെ, ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയം കലര്‍ത്താന്‍ പ്രതിപക്ഷ നേതൃത്വവും തയ്യാറായിട്ടില്ല എന്നത് ശുഭസൂചനയാണ്. സുരക്ഷയുടെ വിഷയത്തില്‍ 130 കോടി ജനത ഒറ്റ മനസ്സോടെ നീങ്ങുന്നുവെന്നാണ് ഇതുതരുന്ന സന്ദേശം. കശ്മീരിന്റെ പേരില്‍ ഇനിയൊരൊറ്റ ജീവനും പൊലിയരുത്. അതാണ് വീരസൈനികരുടെ കുടുംബങ്ങള്‍ നമ്മോട് തേടുന്നതും.

chandrika: