X

കോഴിക്കോട് നഗരത്തില്‍ ചത്ത കോഴി വില്‍പ്പനയെന്ന് പരാതി

കോഴിക്കോട് നഗരത്തില്‍ ചത്ത കോഴി വില്‍പ്പനയെന്ന് പരാതി.  നടക്കാവ് പൊലീസ്‌സ്റ്റേഷന്‍ സമീപത്തെ ചിക്കന്‍ കടയില്‍ നിന്നാണ് 80 കിലോ ചിക്കന്‍ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം എരഞ്ഞിക്കല്‍ പുതിയപാലത്തിനു സമീപത്തെ ചിക്കന്‍ സ്റ്റാളില്‍ നിന്ന് 2000 കിലോയോളം ചത്ത കോഴികളെ കണ്ടെത്തിയിരുന്നു. ഇവരുടെ തന്നെ നടക്കാവ് സ്റ്റാളില്‍നിന്നാണ് വീണ്ടും ചത്തകോഴി വില്‍പ്പന കണ്ടെത്തിയിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാവിഭാഗം കടകളില്‍നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കെടുത്തു. പോസ്റ്റ്മോര്‍ട്ടം ചെയ്ത കോഴികളില്‍ അണുബാധ കണ്ടെത്തിയിട്ടുണ്ട്. കടയില്‍ ജീവനുള്ള ഒറ്റകോഴികളെയും കാണാതെയും വിപണന നടക്കുന്നതില്‍ സംശയംതോന്നിയ നാട്ടുകാര്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തെ അറിയിക്കുകയും പിന്നീട് വെറ്ററിനറിവിഭാഗവും ഭക്ഷ്യ സുരക്ഷ ഓഫീസറും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.

ഷവര്‍മ്മക്കും കട്ലെറ്റിനും ഇവിടെനിന്നാണ് കോഴികളെ കൊണ്ടുപോയിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കട ഇന്നലെ അവധിയായിരുന്നെന്നും വില്‍പ്പന നടത്തിയിട്ടില്ലെന്നും കടയുടമ പറഞ്ഞു.

എന്നാല്‍ അതേസമയം എരഞ്ഞിക്കലിലും നടക്കാവിലും ചത്ത കോഴികളുടെ വില്‍പ്പന കണ്ടെത്തിയ സാഹചര്യത്തില്‍ ഇറച്ചിക്കടകളില്‍ പരിശോധന കടുപ്പിക്കാന്‍ കോര്‍പ്പറേഷന്‍ നടപടിയെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി 165 കടകള്‍ പരിശോധിച്ചു. 142 പെട്ടി ചത്ത കോഴികളെയാണ് പിടികൂടിയത്. 3200 കിലോ കോഴി പിടികൂടി നീക്കംചെയ്തു.

 

Chandrika Web: