X

പരീക്ഷാ റജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടും ഇംഗ്ലിഷ് പുസ്തകം ഇറങ്ങിയില്ല; പരീക്ഷ എഴുതാനുള്ളത് ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍

പരീക്ഷയുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടും കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള ഇംഗ്ലിഷ് പുസ്തകം പുറത്തിറങ്ങിയില്ല. രണ്ടാം സെമസ്റ്ററിലെ ഇംഗ്ലിഷ് കോമണ്‍ പേപ്പറിലെ ‘റീഡിങ് ഓണ്‍ കേരള’ എന്ന പാഠപുസ്തകമാണ് പരീക്ഷ തുടങ്ങാറായിട്ടും ലഭ്യമല്ലാത്തത്. നിലവിലുണ്ടായിരുന്ന പുസ്തകം മാറ്റാനുള്ള തീരുമാനമെടുത്തിട്ട് 2 വര്‍ഷം കഴിഞ്ഞു. രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ കഴിഞ്ഞ നവംബറില്‍ ആരംഭിക്കുകയും ചെയ്തു. എന്നിട്ടും പുസ്തകം പുറത്തിറക്കാത്തതു ഗുരുതര അനാസ്ഥയാണെന്ന് വിദ്യാര്‍ഥികളും അധ്യാപകരും പറയുന്നു. ഒന്നേകാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാനുള്ളത്.

ബിരുദ പഠനത്തിന് രണ്ടാം സെമസ്റ്ററില്‍ 2 ഇംഗ്ലിഷ് കോമണ്‍ പേപ്പറുകളാണുള്ളത്. ഏറെ മുറവിളികള്‍ക്കു ശേഷം രണ്ടാഴ്ച മുന്‍പാണ് ഇതിലൊന്ന് പുറത്തിറക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ പാഠപുസ്തകം ലഭ്യമല്ലാത്തതു ചര്‍ച്ചയായിരുന്നു. ഉടന്‍ പുസ്തകമെത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നു വിസി ഉറപ്പു നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. പാഠപുസ്തകം തയാറാക്കി പുറത്തിറക്കേണ്ട ചുമതല ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്.

രണ്ടാം സെമസ്റ്റര്‍ പരീക്ഷാ റജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസമാണു തുടങ്ങിയത്. ഏപ്രില്‍ 11 ആണ് അവസാന തീയതി. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 31ന് മധ്യവേനലവധിക്ക് കോളജുകള്‍ അടയ്ക്കും. പുസ്തകം ഉടന്‍ ഇറങ്ങിയാലും ക്ലാസ് ആരംഭിക്കാന്‍ ജൂണ്‍ വരെ കാത്തിരിക്കണം. ഇതിനാല്‍ രണ്ടാം സെമസ്റ്റര്‍ പരീക്ഷ അനിശ്ചിതമായി നീളുമെന്ന ആശങ്കയും വിദ്യാര്‍ഥികള്‍ക്കുണ്ട്.

webdesk14: