X
    Categories: Newsworld

ഭക്ഷണവും വെള്ളവും ഇല്ലാതെ ക്യാമ്പുകള്‍; ഗസയില്‍ നരകയാതനയില്‍ കുട്ടികളും വൃദ്ധരും

ഗസ്സ: ഒന്നരപതിറ്റാണ്ടിലധികമായി തുടരുന്ന ഉപരോധത്തില്‍ മരണത്തുരുത്തായി മാറിയ ഗസ്സയിലെ അവശേഷിക്കുന്ന മനുഷ്യരെക്കൂടി ഞെരിച്ചുകൊല്ലാനൊരുങ്ങി ഇസ്രാഈലിലെ സയണിസ്റ്റ് ഭരണകൂടം. മിന്നലാക്രമണത്തില്‍ ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ ആളുകളേയും വിട്ടയച്ചാലല്ലാതെ ഗസ്സയിലേക്ക് വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രാഈലിന്റെ ഭീഷണി. അതേസമയം ഫലസ്തീന്‍ അധിനിവേശം അവസാനിപ്പിച്ചാലല്ലാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസും വ്യക്തമാക്കി. അവസാന പവര്‍ പ്ലാന്റിന്റെയും പ്രവര്‍ത്തനം കഴിഞ്ഞ ദിവസം നിലച്ചതോടെ ഗസ്സ പൂര്‍ണമായും ഇരുട്ടിലാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്യാമ്പുകളില്‍ നരകയാതനയിലാണ് കുട്ടികളും വൃദ്ധരും അടങ്ങുന്ന അനേകം മനുഷ്യര്‍. മുറിവേറ്റവരെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ് ആശുപത്രികള്‍. മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ല. ആശയ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നു. കൂട്ടപ്പാലയത്തിനു പോലും സാധ്യതകളില്ലാത്ത വിധം അതിര്‍ത്തികള്‍ കൊട്ടിയടച്ച് നടത്തുന്ന ഇസ്രാഈലിന്റെ ക്രൂരമായ ബോംബുവര്‍ഷം ഗസ്സയെ എത്തിച്ചിരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ദുരന്തത്തിലേക്കാണെന്ന് യു.എന്‍ ഏജന്‍സികള്‍ പോലും സാക്ഷ്യപ്പെടുത്തുന്നു.

വ്യോമാക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ തുര്‍ക്കി, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒരു തരത്തിലും വിട്ടുവീഴ്ചക്ക് ഇസ്രാഈല്‍ തയ്യാറായിട്ടില്ല. ഹമാസ് പോരാളികള്‍ക്കെതിരായ പ്രത്യാക്രമണമെന്ന പേരില്‍ ഇസ്രാഈല്‍ നടത്തുന്നത് ഗസ്സയെ ഒന്നാകെ ചുട്ടെരിക്കുന്ന നടപടിയാണ്.

ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 1417 ആയി ഉയര്‍ന്നു. 6268 പേര്‍ക്ക് പരിക്കേറ്റതായാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന കണക്ക്. 447 കുട്ടികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 248 സ്ത്രീകളും കൊല്ലപ്പെട്ടു. ജനവാസ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ ബോംബുവര്‍ഷം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് കൊല്ലപ്പെടുന്ന കുട്ടികളുടേയും സ്ത്രീകളുടെയും കണക്ക്. അധിനിവേശ വെസ്റ്റ്ബാങ്കില്‍ 31 പേരാണ് ഇതുവരെ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 180 പേര്‍ക്ക് പരിക്കേറ്റു. 3,38,000 ഫലസ്തീനികള്‍ ഇതുവരെ അഭയാര്‍ത്ഥികളാക്കെപ്പെട്ടതായാണ് യു.എന്‍ ഏജന്‍സിയായ യു.എന്‍.ഡബ്ല്യു.ആര്‍.എ നല്‍കുന്ന വിവരം. ഏഴിലധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അര ഡസനിലധികം ആരോഗ്യ പ്രവര്‍ത്തകരും 11 യു.എന്‍ സന്നദ്ധ പ്രവര്‍ത്തകരും അഞ്ച് റെഡ്‌ക്രോസ് വളണ്ടിയര്‍മാരും ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നുസൈറതിലെ അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ മാത്രം ഇന്നലെ 18 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയില്‍ ഉടനീളം ഇന്നലെ ഫലസ്തീനികളോട് വീടൊഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്ന ലഘുലേഖകള്‍ ഇസ്രാഈല്‍ വ്യോമമാര്‍ഗം വിതറിയിരുന്നു. അതേസമയം അഭയാര്‍ത്ഥി ക്യാമ്പുകള്‍ പോലും ആക്രമിക്കപ്പെടുന്ന മണ്ണില്‍ വീടുവിട്ട് എവിടേക്ക് പോകുമെന്നാണ് ഫലസ്തീനികളുടെ ചോദ്യം. ആശുപത്രികള്‍ക്കു നേരെയും ആംബുലന്‍സുകള്‍ക്കുനേരെയും ഇന്നലെ ഇസ്രാഈല്‍ ആക്രമണമുണ്ടായി. ലെബനാന്‍ അതിര്‍ത്തി ഗ്രാമങ്ങളിലും സിറിയയിലെ ഡമസ്‌കസ്, അലപ്പോ വിമാനത്താവളങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ആക്രമണം നടത്തി.

വ്യോമാക്രമണത്തിനു പിന്നാലെ കരയിലൂടെയും കടലിലൂടെയും ഗസ്സയെ ആക്രമിക്കാനുള്ള കോപ്പുകൂട്ടലിലാണ് ഇസ്രാഈല്‍. മൂന്നര ലക്ഷം വരുന്ന ഇസ്രാഈലി സൈനികരാണ് ഗസ്സ അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. ഏതു സമയത്തും കരയാക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ജനം. ഇതിനിടെ ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും ഇന്ധനവും തടയരുതെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് സഹായമെത്തിക്കാന്‍ അറബ് രാഷ്ട്രങ്ങള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. സമ്പൂര്‍ണ ഉപരോധത്തിലുള്ള ഗസ്സയിലേക്ക് എങ്ങനെ സഹായം എത്തിക്കുമെന്നതില്‍ ആശങ്കയുണ്ട്. സന്നദ്ധ സഹായങ്ങള്‍ വ്യോമമാര്‍ഗം സിനായ് ഉപദ്വീപിലെ അല്‍ അരിഷ വിമാനത്താവളത്തില്‍ എത്തിക്കാന്‍ ഈജിപ്ത് ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഗസ്സയിലേക്ക് പുറംലോകവുമായുള്ള ഏക ബന്ധമാണ് സിനായ് ഉപദ്വീപിലേക്ക് കടക്കുന്ന റഫ ബോര്‍ഡര്‍. എന്നാല്‍ റഫ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ബോംബുവര്‍ഷം തുടരുന്നതിനാല്‍ ഇതുവഴിയും സഹായമെത്തിക്കല്‍ പ്രതിസന്ധിയിലാണ്. ഇതിനായി താല്‍ക്കാലിക വെടിനിര്‍ത്തലിനു വേണ്ടിയുള്ള ശ്രമത്തിലാണ് അറബ് രാജ്യങ്ങള്‍. ഇതിനിടെ ഫലസ്തീന് നല്‍കുന്ന സഹായം നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ജര്‍മ്മനി വ്യക്തമാക്കി. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്്മൂദ് അബ്ബാസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം.

webdesk11: