X

career chandrika:കാര്‍ഷികാനുബന്ധ മേഖലകളിലെ പഠനത്തിന് ഐ.സി.എ.ആര്‍

ഇന്ത്യയിലെ കാര്‍ഷിക പഠനഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പരമോന്നത വേദിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ കാര്‍ഷിക അനുബന്ധ വിഷയങ്ങളിലെ (വെറ്ററിനറി കോഴ്‌സ് ഒഴികെയുള്ള) ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ത്സാന്‍സിയിലുള്ള റാണി ലക്ഷ്മീബായ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാല, കര്‍ണാലിലെ നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ബിഹാറിലെ പുസയിലുള്ള ഡോ. രാജേന്ദ്രപ്രസാദ് സെന്‍ട്രല്‍ അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാല, ന്യൂഡല്‍ഹിയിലുള്ള ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ബാക്കിയുള്ള കാര്‍ഷിക സര്‍വകലാശാലകളിലെ 15% (ഇത് 20% ആക്കാനിടയുണ്ട്) സീറ്റുകളിലേക്കുമുള്ള പ്രവേശനത്തിനാണ് ഐ.സി.എ. ആര്‍ ആള്‍ ഇന്ത്യ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ വഴി അപേക്ഷിക്കേണ്ടത്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളിലെ 11 ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനാണ് അവസരമുള്ളത്. ആഗസ്ത് 19 നു വൈകിട്ട് 5 മണി വരെ http://www.nta.ac.in/, https://icar.org.in/ എന്നീ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷ സമര്‍പ്പിക്കാം +2/തതുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ (പട്ടിക വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 40 ശതമാനം) പ്ലസ്ടു വിജയിച്ചിരിക്കണം. 2022 ആഗസ്ത് 31 ന് 16 വയസ്സ് പൂര്‍ത്തിയായിരിക്കണം. വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മുന്‍ഗണനാടിസ്ഥാനത്തില്‍ 4 കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കണം,

പട്ടികവിഭാഗക്കാര്‍, മറ്റു പിന്നാക്ക വിഭാഗം, സാമ്പത്തിക പിന്നോക്ക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസരണമുള്ള സംവരണമുണ്ടാവും. അവരവരുടെ സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 3000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കാനവസരമുണ്ട്.

ഐ.സി.എ.ആര്‍ പ്രവേശന മാനദണ്ഡമായ ബിരുദ കോഴ്‌സുകള്‍

അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, കമ്മ്യൂണിറ്റി സയന്‍സ്, സെറിക്കള്‍ച്ചര്‍ എന്നിവയില്‍ ബി.എസ്.സി ഓണേഴ്‌സ് പ്രോഗ്രാം,ബാച്ചിലര്‍ ഇന്‍ ഫിഷറീസ് സയന്‍സ്,അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്, ഡയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി ബയോടെക്‌നോളജി എന്നിവയില്‍ ബി.ടെക്ക്

ഓരോ വിഷയങ്ങളും പഠിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളുടെ അന്തിമ പട്ടിക കൗണ്‍സലിംഗ് സമയത്ത് മാത്രമേ ലഭ്യമാക്കുകയുള്ളൂ
വെള്ളായണി, വെള്ളാനിക്കര, പടന്നക്കാട് എന്നീ കാര്‍ഷിക കോളേജുകളിലെ ബി.എസ്.സി ഓണേഴ്‌സ് അഗ്രിക്കള്‍ച്ചര്‍, വെള്ളാനിക്കരയിലെ കോളേജ് ഓഫ് ഫോറസ്ട്രിയിലെ ബി.എസ്.സി ഓണേഴ്‌സ് ഇന്‍ ഫോറസ്ട്രി, തവനൂരിലെ കേളപ്പജി കോളേജ് ഓഫ് അഗ്രി എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി എന്നിവയിലെ ബി.ടെക് പ്രോഗ്രാം, മണ്ണുത്തിയിലെ വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയിലെ ബി.ടെക് ഡയറി ടെക്‌നൊളജി, പനങ്ങാടുള്ള കുഫോസിലെ ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് തുടങ്ങിയ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളിലേക്ക് ഐസിഎആര്‍ എന്‍ട്രന്‍സ് വഴി പ്രവേശനം നേടാനവസരമുണ്ട്. ഓരോ കോഴ്‌സുകള്‍ക്കും പ്രവേശനം നേടുന്നതിന് പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്.ഐസിഎആര്‍ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡമായ ഐ.സി.എ.ആര്‍ പിജി പ്രവേശന പരീക്ഷക്കും ഇപ്പോള്‍ അപേക്ഷിക്കാം.

കേരളത്തില്‍ നിയമപഠനത്തിന്
പ്രവേശനം നേടാം

കേരളത്തിലെ 4 സര്‍ക്കാര്‍ ലോ കോളജുകളിലും മറ്റു സ്വാശ്രയ കോളേജുകളിലുമായി നടത്തപ്പെടുന്ന അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് പ്ലസ്ടു ഏതെങ്കിലും സ്ട്രീമില്‍ 45 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. വിവിധ സ്ഥാപനങ്ങളിലായി ബിഎ.എല്‍.എല്‍.ബി, ബികോം എല്‍.എല്‍.ബി, ബിബിഎ.എല്‍.എല്‍.ബി പ്രോഗ്രാമുകളും ഇവയുടെ തന്നെ ഓണേഴ്‌സ് പ്രോഗ്രാമുകളുമുണ്ട്.പ്രവേശനത്തിന് മാനദണ്ഡമായിട്ടുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് വേേു:െ//cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി ആഗസ്ത് 4 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമര്‍പ്പിക്കണം.

45% മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ത്രിവത്സര എല്‍.എല്‍.ബി പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷക്ക് മേല്‍ വെബ്‌സൈറ്റ് വഴി ആഗസ്ത് 5 നു വൈകുന്നേരം 5 മണി അപേക്ഷ സമര്‍പ്പിക്കാം.

web desk 3: