X

career chandrika: ജെ.ഇ.ഇ മെയിന്‍ ആദ്യ സെഷന്‍ പരീക്ഷക്ക് ജനുവരി 12 വരെ അപേക്ഷിക്കാം

ദേശീയ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന സുപ്രധാന പ്രവേശന പരീക്ഷയായ ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന് (ജെഇഇ മെയിന്‍) ഇപ്പോള്‍ അപേക്ഷിക്കാം.  രണ്ട് സെഷനുകളിലായി നടക്കുന്ന ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യ സെഷന്‍ പരീക്ഷ ജനുവരി 24 മുതല്‍ 31 വരെയും രണ്ടാം സെഷന്‍ പരീക്ഷ ഏപ്രില്‍ 6 മുതല്‍ 12 വരെയുമാണ് നടക്കുന്നത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി താഴെക്കൊടുത്ത കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ജെ.ഇ.ഇ മെയിന്‍ പരീക്ഷക്ക് രണ്ട് പേപ്പറുകളാണുണ്ടാവുക. ഒന്നാമത്തെ പേപ്പര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നൊളജി(എന്‍ഐടി) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി(ഐഐഐടി), കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകള്‍ ധനസഹായം നല്‍കുന്ന തിരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാപനങ്ങള്‍, ചില സ്വകാര്യ/കല്‍പിത സര്‍വകലാശാലകള്‍ എന്നിവടങ്ങളിലെ ബി.ഇ/ബി.ടെക് പ്രവേശനത്തിനുള്ള മാനദണ്ഡമാണ്. പേപ്പര്‍ 2അ, 2ആ എന്നിവ യഥാക്രമം ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍, ബച്ചിലര്‍ ഓഫ് പ്ലാനിംഗ് എന്നീ കോഴ്‌സുകളുടെ പ്രവേശനത്തിനാണ്.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ വിശദ വിവരങ്ങളറിയാനും അപേക്ഷിക്കാനും https://nta.ac.in/, https://jeemain.nta.nic.in/ എന്നീ വെബ്‌സൈറ്റുകള്‍ പരിശോധിക്കാം.

ആദ്യ സെഷന് ജനുവരി 12 വരെയും രണ്ടാം സെഷന് ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 7 വരെയും അപേക്ഷിക്കാം. രണ്ട് പരീക്ഷകളും അഭിമുഖീകരിക്കുന്ന പക്ഷം മികച്ച സ്‌കോര്‍ ആയിരിക്കും പരിഗണിക്കുക. ഒരേ സെഷനിന് ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കാന്‍ പാടില്ല.

2021, 22 വര്‍ഷങ്ങളില്‍ +2 പരീക്ഷ വിജയിച്ചവര്‍ക്കും 2023ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് വൊക്കേഷണല്‍ പരീക്ഷ, സാങ്കേതിക വിദ്യാഭാസ വകുപ്പിന്റെ അംഗീകാരമുള്ള ത്രിവത്സര ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

ബി.ടെക്/ബി.ഇ പ്രവേശനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയും കെമിസ്ട്രി, ബയോടെക്‌നോളജി, ബയോളജി, ടെക്‌നിക്കല്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ എന്നിവയിലേതെങ്കിലുമോ പഠിച്ചിരിക്കണം. ബി.ആര്‍ക്കിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബി.പ്ലാനിങ്ങിന് മാത്തമാറ്റിക്‌സ് ഒരു വിഷയമായും പഠിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്.

കേരളത്തിലും ലക്ഷദീപിലുമുള്ള കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മലയാളത്തിലുള്ള ചോദ്യപ്പേപ്പറുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട് (ഓപ്ഷന്‍ ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തിരഞ്ഞെടുക്കണം).

3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പേപ്പര്‍1 കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ നിന്നായി മള്‍ട്ടിപ്പിള്‍ ചോയ്‌സ് തരത്തിലുള്ള ചോദ്യങ്ങളും സംഖ്യകള്‍ ഉത്തരമായി എഴുതേണ്ട തരത്തിലുള്ള ചോദ്യങ്ങളുമാണ് ഉണ്ടാവുക. പേപ്പര്‍ 2എ പരീക്ഷയില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത വിഭാഗവും പേപ്പര്‍ അധിഷ്ഠിത ഡ്രോയിങ് വിഭാഗവും ഉണ്ടാവും. പേപ്പര്‍ 2ആയില്‍ പ്ലാനിംഗ് അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളുമുണ്ടാവും.

പട്ടിക വിഭാഗങ്ങള്‍. നോണ്‍ ക്രീമിലെയര്‍ കാറ്റഗറിയില്‍ പെടുന്ന പിന്നാക്ക വിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്ക വിഭാഗം, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ബാധകമായ രേഖകള്‍ സമര്‍പ്പിക്കുന്ന പക്ഷം സംവരണം ലഭിക്കും.

National Test Abhyas എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി മോക്ക് ടെസ്റ്റ് പരിശീലിക്കാനുള്ള അവസരമുണ്ട്. പരിശീലനത്തിന് സഹായിക്കാന്‍ രാജ്യത്തെമ്പാടുമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും ആശ്രയിക്കാം.

എന്‍.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാന്‍ സൗകര്യമൊരുക്കുന്ന ഡയറക്ട് അഡ്മിഷന്‍ ഓഫ് സ്റ്റുഡന്‍സ് അബ്രോഡ് (DASA) സ്‌കീമില്‍ പ്രവേശനം നേടുവാനും ജെഇഇ മെയിന്‍ യോഗ്യത നേടണം.

കേരളത്തിലെ 16 സ്ഥലങ്ങളടക്കം 424 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. 4 കേന്ദ്രങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കണം. ഇന്ത്യക്ക് പുറമെ യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, സൗദി, കുവൈറ്റ്, ഒമാന്‍, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, നൈജീരിയ, ഇന്തോനേഷ്യ, ആസ്‌ത്രേലിയ, ആസ്ട്രിയ, ബ്രസീല്‍, ക്യാനഡ, ചൈന, ഹോങ്കോങ്, മൗറീഷ്യസ്, റഷ്യ, സൗത്ത് ആഫ്രിക്ക, തായ്‌ലന്‍ഡ്, യുഎസ്എ, വിയറ്റ്‌നാം എവിടങ്ങളിലും കേന്ദ്രങ്ങളുണ്ട്.

ഐഐടികളിലെയും മറ്റു ചില പ്രമുഖ സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് മാനദണ്ഡമായ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ അഭിമുഖീകരിക്കണമെങ്കില്‍ ജെഇഇ മെയിന്‍ പരീക്ഷയില്‍ മികവ് തെളിയിച്ച് ആദ്യ 2,50,000 നുള്ളില്‍ വരണം. ജൂണ്‍ നാലിനാണ് ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ നടക്കുന്നത്. മറ്റു വിശദാംശങ്ങള്‍ക്ക് https://jeeadv.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

webdesk11: