X
    Categories: indiaNews

കാര്‍ഗോ തൊഴിലാളി ഉറങ്ങിപ്പോയി; പറന്നിറങ്ങിയത് അബുദാബിയില്‍

ന്യഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റിലെ ലോഡിങ് തൊഴിലാളി കാര്‍ഗോ കംപാര്‍ട്ട്‌മെന്റില്‍ ഉറങ്ങിപ്പോയി. ഉറക്കം തെളിഞ്ഞപ്പോള്‍ എത്തിയത് അബുദാബിയില്‍. മുംബൈ- അബുദാബി ഫ്‌ളൈറ്റില്‍ ഞായറാഴ്ചയായിരുന്നു സംഭവം. അദ്ദേഹം സുരക്ഷിതനായി അബുദാബിയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. ബാഗേജ് ലോഡ് ചെയ്ത ശേഷം തൊഴിലാളി അതിന് സമീപം തന്നെ ഉറങ്ങിപ്പോകുകയായിരുന്നു.

കാര്‍ഗോയുടെ വാതില്‍ അടഞ്ഞ് പോയെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്നും വിമാനം ഉയര്‍ന്ന് പൊങ്ങിയ ശേഷമാണ് ജീവനക്കാരന്‍ എണീറ്റതെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം. യു.എ.ഇയിലെ അബുദാബിയില്‍ ഇറങ്ങിയ ശേഷം അവിടത്തെ അധികൃതര്‍ ലോഡിങ് തൊഴിലാളിയുടെ മെഡിക്കല്‍ എക്‌സാമിനേഷന്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അബുദാബി അധികൃതരുടെ പരിശോധനയ്ക്ക് ശേഷം അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് തിരിച്ചയയ്ക്കുകയായിരുന്നെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വക്താവ് പറഞ്ഞു.

 

 

web desk 3: