X
    Categories: indiaNews

ക്രാഷ് ടെസ്റ്റ് നോക്കി കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് വരുന്നു; എന്‍.സി.എ.പി കരട് അംഗീകരിച്ചു

ന്യൂഡല്‍ഹി: ക്രാഷ് റെസ്റ്റിനെ അടിസ്ഥാനമാക്കി ഇന്ത്യയിലെ കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കുന്ന ഭാരത് എന്‍.സി.എ.പിയുടെ (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) കരട് വിജ്ഞാപനത്തിന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി. നിയമം പ്രാബല്യത്തിലായാല്‍ ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കുക. ഇന്ത്യന്‍ വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വര്‍ധിപ്പിക്കാന്‍ തീരുമാനം സഹായിക്കുമെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.

ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം ഒരു ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കും. സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കും. കാറുകളുടെ ഘടനാപരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഭാരത് എന്‍സിഎപിയുടെ ടെസ്റ്റിങ് പ്രോട്ടോക്കോള്‍, നിലവിലെ ആഗോള ക്രാഷ്‌ടെസ്റ്റ് പ്രോട്ടോക്കോളുകളുമായി യോജിപ്പിക്കും.

ഇത് ഒഇഎമ്മുകളെ അവരുടെ വാഹനങ്ങള്‍ ഇന്ത്യയുടെ സ്വന്തം ഇന്‍ഹൗസ് ടെസ്റ്റിംഗ് സൗകര്യങ്ങളില്‍ പരീക്ഷിക്കാന്‍ അനുവദിക്കുന്നു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ഓട്ടോമൊബൈല്‍ ഹബ്ബാക്കി മാറ്റുന്നതില്‍ ഭാരത് എന്‍സിഎപി ഒരു നിര്‍ണായക ഉപകരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Chandrika Web: